
ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒരു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തെ തുടര്‍ന്ന് ചോദ്യം ചെയ്യാനാണ് ചാന്ദ് മിയാന്‍ എന്ന യുവാവിനെ സദര്‍ കോട്വാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാളെ ചൊവ്വാഴ്ച മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
”തിങ്കളാഴ്ച വൈകീട്ടാണ് ഞാന്‍ എന്റെ മകനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്. 24 മണിക്കൂറിനിടെ അവര്‍ ആത്മഹത്യ ചെയ്തെന്ന വിവരമാണ് ലഭിക്കുന്നത്. ഇത് വിശ്വസിക്കാനാവില്ല”-ചാന്ദ് മിയാന്റെ പിതാവ് അല്‍ത്താഫ് പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ ടോയിലറ്റില്‍ പോകാന്‍ അനുവാദം ചോദിച്ച ചാന്ദ് മിയാന്‍ മടങ്ങിവരാന്‍ വൈകിയതിനിടെ തുടര്‍ന്ന് നോക്കിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ കയറുള്ള ഒരു ജാക്കറ്റ് ധരിച്ചിരുന്നു. ഈ കയറുപയോഗിച്ച് കുരുക്കുണ്ടാക്കി ബാത്ത്റൂമിലെ രണ്ടടി മാത്രം ഉയരത്തിലുള്ള പൈപ്പില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ എസ്.പി രോഹന് പ്രമോദ് ബോത്രെ സസ്പെന്‍ഡ് ചെയ്തു. അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും ചികിത്സനല്‍കിയെങ്കിലും രക്ഷിക്കാനായില്ലെന്നും എസ്.പി പറഞ്ഞു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിനാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.