എടുക്ക് ബീഫ് ഫ്രൈ! തടഞ്ഞു നിര്‍ത്തി തല്ലുകൊടുത്ത് തട്ടിയെടുത്തു; പരാക്രമം മദ്യ ലഹരിയില്‍; യുവാക്കള്‍ക്ക് ജാമ്യം

യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും ജാമ്യം. കാര്‍ത്തികപ്പള്ളി വിഷ്ണു ഭവനത്തില്‍ വിഷ്ണു (29) പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ് (30) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ഹരിപ്പാട് പൊലീസ് പിടികൂടിയത്.

സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് ദേശീയപാതയിലെ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്ക് സമീപത്തു വച്ചാണ് പ്രതികള്‍ യുവാവിനെ ആക്രമിച്ചത്. തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ മടങ്ങുകയായിരുന്ന കാര്‍ത്തികപ്പള്ളി സ്വദേശിയായ യുവാവിനെ പ്രതികള്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. പിന്നാലെ യുവാവിന്റെ കൈവശമുണ്ടായിരുന്ന ബീഫ് ഫ്രൈയും തട്ടിയെടുത്ത് ഇരുവരും കാറില്‍ രക്ഷപ്പെടുകയായിരുന്നു.

മദ്യ ലഹരിയിലായിരുന്നു പ്രതികള്‍ യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ വിഷ്ണു നേരത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇയാള്‍ക്കെതിരേ ഹരിപ്പാട്, കരിയിലക്കുളങ്ങര സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും അക്രമം നടത്തിയശേഷം എറണാകുളത്തേക്ക് മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് വ്യക്തമാക്കി.

 

Read Previous

നേവിയുടെ തോക്കുകള്‍ പൊലീസ് കസ്റ്റഡിയില്‍; ശാസ്ത്രീയ പരിശോധന നടത്തും