കുംഭമേളക്കിടെ കോവിഡ് ബാധിച്ച 20 സന്യാസിമാര്‍ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി

കുഭമേളയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച ഇരുപതോളം സ്വാമിമാര്‍ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് മുങ്ങി. ഉത്തരാഖണ്ഡിലെ തെഹ്രി നരേന്ദ്ര നഗറില്‍ ഞായറാഴ്ചയാണ് സംഭവം. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് ഒളിച്ചോടിയ വിവരം അറിഞ്ഞതെന്ന് മെഡിക്കല്‍ സൂപ്രണ്ട് നിരാജ് റായി പറഞ്ഞു. കോവിഡ് രോദികള്‍ മുങ്ങിയത് വന്‍ ആശങ്കയ്ക്കാണ് വഴി വച്ചിരിക്കുന്നത്. വീണ്ടും കുംഭമേള നഗറിലെത്തിയാലോ രോഗം മറച്ചുവച്ച് നാട്ടിലേയ്ക്ക് മടങ്ങിയാലോ വന്‍ ദുരന്തത്തിനാണ് വഴിവയ്ക്കുക.

ആശുപത്രിയില്‍ 38 പേരാണ് ചികില്‍സയിലുണ്ടായിരുന്നത്. അതില്‍ 20 പേരാണ് ഒളിച്ചോടിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ സുമന്‍ ആര്യ പറഞ്ഞു. ഒളിച്ചോടിയവരില്‍ രണ്ട് പേര്‍ ഉത്തരാഖണ്ഡിലുള്ളരും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.

ഏഴ് പേര്‍ രാജസ്ഥാന്‍, നാല് പേര്‍ വീതം ഉത്തര്‍പ്രദേശ്, ഒഡീഷ, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. എല്ലാവര്‍ക്കുമെതിരേ ദുരന്തനിവാരണ നിയമമനുസരിച്ച് കേസെടുത്തതായി നരേന്ദ്ര നഗര്‍ സ്റ്റേഷന്‍ ഓഫിസര്‍ ശാന്തി പ്രസാദ് ദിമ്രി പറഞ്ഞു. ആശുപത്രികളില്‍ കൂടുതല്‍ പോലിസുകാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

Read Previous

ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി

Read Next

ഇന്ത്യയുടെ സിഎഎ നിയമം ന്യൂനപക്ഷ വിരുദ്ധം; മോദി സര്‍ക്കാറിന്റെ നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍