പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ തീരുമാനമെടുത്തിട്ടില്ല; മുട്ടുമടക്കി കേന്ദ്രം

ദേശിയ പൗരത്വ നിയമത്തിനെതിരെ വീണ്ടും പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ നിലപാട് മയപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.രാജ്യത്ത് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ വ്യക്തമാക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്. എന്തുവന്നാലും പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. വന്‍ പ്രതിഷേധങ്ങള്‍ ഇതിനെതിരെ ഉയര്‍ന്നെങ്കിലും കേന്ദ്രം നിലപാടില്‍ മാറ്റം വരുത്തിയിരുന്നില്ല.

എന്‍ആര്‍സി നടപ്പാക്കരുതെന്ന് എന്‍ഡിഎ ഘടകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി കഴിഞ്ഞ ദിവസം മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് തങ്ങള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷകനിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് പൗരത്വ രജിസ്റ്ററിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പൗരത്വനിയമവും പിന്‍വലിക്കണമെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.യുപി തിരഞ്ഞെടുപ്പുള്‍പെടെ നടക്കാനിരിക്കെ വീണ്ടും പൗരത്വ പ്രക്ഷേഭം ശക്തിയാര്‍ജ്ജിക്കുന്നത് ബിജെപിക്ക് കടുത്ത പ്രതിരോധമാകുമെന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിലപാട് മാറ്റം.

Read Previous

കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ചു

Read Next

ഭീമ കൊറേഗാവ് കേസ്; ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം