ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഥാര്‍ ജീപ്പ് അമല്‍ മുഹമ്മദാലിക്ക് നല്‍കിയതിനെതിരെ ഹര്‍ജിയുമായി ഹിന്ദുസേവാകേന്ദ്രം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്രാ കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം. ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ ദേവസ്വം ബോര്‍ഡ് ഇന്ന് പരിഗണിക്കും.

15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തില്‍ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്.

ഡിസംബര്‍ 18ന് നടന്ന ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോര്‍ഡ് പിന്നീട് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാല്‍ അയ്യായിരം രൂപയില്‍ കൂടുതലുളള ഏതു വസ്തു വില്‍ക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.

ലേലം പിടിച്ച അമല്‍ മുഹമ്മദലിക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വാഹനം കൈമാറിയിട്ടില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്ന് ചെയര്‍മാന്‍ പറഞ്ഞിരുന്നു. ദേവസ്വം കമ്മീഷണര്‍ക്ക് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അനുമതി വൈകുന്നത്.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ അമല്‍ മുഹമ്മദലിക്ക് തന്നെ കൈമാറുമെന്ന് ഡിസംബര്‍ 21ന് തീരുമാനമെടുത്തതായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗത്തിലായിരുന്നു തീരുമാനം.

15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമല്‍ സ്വന്തമാക്കിയത്. ജിഎസ്ടി ഉള്‍പ്പടെ പതിനെട്ടു ലക്ഷത്തോളം രൂപ വരും. വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നല്‍കാന്‍ തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ, ലേലം ഉറപ്പിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നുമായിരുന്നു ദേവസ്വം ചെയര്‍മാന്റെ നിലപാട്.

ഇതോടെയാണ് സംഭവം വിവാദമായത്. രാവിലെ 10 മണിക്ക് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ദേവസ്വം കാര്യാലയത്തിലാണ് യോഗം ചേര്‍ന്നത്. തുടര്‍ന്ന് 15 ലക്ഷത്തി പതിനായിരം രൂപയ്ക്ക് വാഹനം അമല്‍ മുഹമ്മദിന് കൊടുക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ജിഎസ്ടി ഉള്‍പ്പടെ 18 ലക്ഷത്തോളം രൂപ വരും. എന്നാല്‍ ഈ തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അമല്‍ മുഹമ്മദലിക്ക് വാഹനം കൈമാറുന്നത് താമസിപ്പിക്കുന്നത്.

 

Read Previous

ഏറ്റുമുട്ടലില്‍’ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട യുവാവ് മാവോവാദിയല്ലെന്ന് കുടുംബം

Read Next

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്’; ഗവര്‍ണര്‍ക്ക് കത്തയച്ച് വി ഡി സതീശന്‍