വിലക്കയറ്റം തടയാന്‍ നടപടിയുമായി കേന്ദ്രം; പഞ്ചസാര കയറ്റുമതി നിരോധിച്ചു

വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ പഞ്ചസാര കയറ്റുമതി നിരോധിച്ചു. പഞ്ചസാര ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്താനാണ് നടപടി. ഭക്ഷ്യ എണ്ണയുടെ വിലയും നിയന്ത്രിക്കും.

ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച്, മെയ് 18 വരെ 75 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

നിലവില്‍ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ് രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വില്‍പ്പന വില. വരും മാസങ്ങളില്‍ ഇത് 40-43 രൂപയില്‍ എത്താനാണ് സാധ്യത. കഴിഞ്ഞ 5 വര്‍ഷത്തിനിടെ രാജ്യത്തെ പഞ്ചസാര ഉത്പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി സുഗമമാക്കുന്നതിനുമായി ഏകദേശം 14,456 കോടി രൂപയാണ് സര്‍ക്കാര്‍ പഞ്ചസാര മില്ലുകള്‍ക്ക് അനുവദിച്ചത്.

 

Read Previous

ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറ് മരണം; 45 പേര്‍ക്ക് പരിക്ക്

Read Next

പീഡനാരോപണം മറ്റൊരു നടിക്ക് അവസരം നല്‍കിയതിനാല്‍’; ഉപഹര്‍ജി നല്‍കി വിജയ് ബാബു