ആശ്വാസ വാര്‍ത്ത; സംസ്ഥാനത്ത് ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് മഴഭീതിയൊഴിഞ്ഞ് ന്യൂനമര്‍ദം ദുര്‍ബലമായെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതോടെ അതി തീവ്ര മഴക്കുള്ള സാധ്യതകള്‍ കുറയുന്നു എന്നത് ആശ്വസകരമാണ്. നേരത്തെ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചത്. എന്നാല്‍ ന്യൂനമര്‍ദം ദുര്‍ബലമായതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു. തിങ്കളാഴ്ചയോടെ മഴ ഏകദേശം ഒഴിയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. എന്നാല്‍ ഇന്ന് രാത്രി വരെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. അത് തീവ്രമായേക്കില്ല.

അതേസമയം അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ആറായി. കോട്ടയം കൂട്ടിക്കലില്‍ നിന്ന് ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഇവിടെ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇന്ന് കണ്ടെടുത്ത ഷാലറ്റിന്റെ മൃതദേഹം കൂട്ടിക്കലില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ ഉള്‍പ്പെട്ടതല്ല.

ഇടുക്കിയിലെ കൊക്കയാറില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്. ഇവരില്‍ 4 പേര്‍ കുട്ടികളാണ്. ഇവരെ കണ്ടെത്താനുള്ള തെരച്ചിലും തുടരുകയാണ്. തൊടുപുഴ കാഞ്ഞാറില്‍ കഴിഞ്ഞ ദിവസം കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചിരുന്നു. ഇതോടെ ഈ രണ്ട് ദിവസത്തിനിടെ പേമാരിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി.

 

Read Previous

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സഭയെ പൂട്ടാന്‍ സര്‍വേയുമായി ബിജെപി സര്‍ക്കാര്‍; പള്ളികളുടെ എണ്ണമെടുക്കം; മതപരിവര്‍ത്തനത്തില്‍ പുരോഹിതര്‍ക്കെതിരെ കടുത്ത നടപടി

Read Next

ജാഗ്രത തുടരണം;അനാവശ്യ യാത്രകള്‍ ഒഴിവാക്കണം; കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത