ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി

ടോക്യോ ഒളിമ്പിക്‌സില്‍ 57 കിലോ ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. ഫൈനലില്‍ റഷ്യന്‍ താരം സൗര്‍ ഉഗ്വേവിനോടാണ് രവികുമാര്‍ പൊരുതിത്തോറ്റത്. ലോകചാമ്പ്യനാണ് സൗര്‍ ഉഗ്വേവ്. റഷ്യന്‍ താരമാണ് ഫൈനലിലെ ആദ്യ റൗണ്ട് സ്വന്തമാക്കിയത്. രണ്ടാം റൗണ്ടിന്റെ തുടക്കത്തിലും റഷ്യന്‍ താരം മുന്നേറിയെങ്കിലും രവികുമാര്‍ തിരിച്ചടിച്ചു. ലീഡ് നില 4-7 ആക്കി കുറയ്ക്കാന്‍ രവികുമാറിന് കഴിഞ്ഞു. പക്ഷേ അവസാന നിമിഷം രവി കുമാറിനു പിടികൊടുക്കാതെ റഷ്യന്‍ താരം ജയം ഉറപ്പിച്ചു. ഹരിയാന സ്വദേശിയായ 23കാരന്‍ രവികുമാര്‍ വെള്ളിത്തിളക്കത്തില്‍ ഇന്ത്യയ്ക്ക് അഭിമാനമായി.

സെമിയില്‍ കസഖ്സ്ഥാന്റെ നൂറിസ്‌ലാം സനായേവിനെ വീഴ്ത്തിയായിരുന്നു രവികുമാറിന്റെ ഫൈനല്‍ പ്രവേശനം. സെമി പോരാട്ടത്തിനിടെ പൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ സനായേവ് വലതുകൈ കടിച്ചു മുറിച്ചിട്ടും പിടിവിടാതെയാണു രവികുമാര്‍ ജയം പിടിച്ചെടുത്തത്. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ നാടകീയമായാണു രവികുമാര്‍ സനായേവിനെ പരാജയപ്പെടുത്തിയത്.

ടോക്യോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലും. നേരത്തെ 2012 ല്‍ സുശീല്‍ കുമാര്‍ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്.

Read Previous

ബിവറേജില്‍ മദ്യം വാങ്ങാന്‍ വാക്‌സിനേഷന്‍  വേണ്ട, കടകളില്‍ നിന്ന് സാധനം വാങ്ങാന്‍ വാക്‌സിന്‍ എടുക്കണമെന്നത് പരിഹാസ്യകരം: കെ സുധാകരന്‍

Read Next

സംസ്ഥാനത്ത് 22,040 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 13.49 ശതമാനം