
മലയാളി താരത്തിന്റെ മറുപടിയില്‍ ഇളിഭ്യനായിപ്പോയ മോറിസണ്‍ ടീമിന്റെ പ്രതീക്ഷകള്‍ സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചു വിഷയത്തില്‍ നിന്നു തെന്നി മാറുകയായിരുന്നു.ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി നല്കാന് മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. അക്കാര്യം ന്യൂസിലന്‍ഡ് മുന്‍ താരം ഡാനി മോറിസണെ ‘കൃത്യമായി’ ഓര്‍മിപ്പിച്ച രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്നത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം നടന്ന പ്രസന്റേഷന് സെറിമണിക്കിടെയാണ് സഞ്ജു മോറിസണിന്റെ വായടപ്പിച്ച ഉത്തരം നല്‍കിയത്.മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ആഹ്ളാദത്തില്‍ എത്തിയ സഞ്ജുവിനെ പ്രകോപിപ്പിക്കാനായിരുന്നു മോറിസണിന്റെ ശ്രമം. അതിനായി അദ്ദേഹം രാജസ്ഥാന്റെ കിരീടദാരിദ്ര്യമാണ് വിഷയമാക്കിയത്. ഐ.പി.എല്ലിന്റെ പ്രഥമ സീസണില്‍ ഷെയ്ന് വോണിന്റെ നേതൃത്വത്തില്‍ കിരീടം ചൂടിയ ശേഷം രാജസ്ഥാന് പിന്നീട് ഒരിക്കല്‍പ്പോലും ആ നേട്ടം ആവര്‍ത്തിക്കാനായിരുന്നില്ല.ഇത് ടീമിന് സമ്മര്‍ദ്ദം സമ്മാനിക്കുന്നുണ്ടോയെന്നായിരുന്നു പ്രകോപിപ്പിക്കാനുദ്ദേശിച്ച് മോറിസണ്‍ ആരാഞ്ഞത്. എന്നാല്‍ ഇതിന് തികച്ചും ‘കൂള്‍’ ആയ എന്നാല്‍ കൃത്യതയുള്ള മറുപടിയാണ് സഞ്ജു നല്‍കിയത്. ”ഓരോ ഐ.പി.എല്‍. സീസണിലും നല്ല പ്രതീക്ഷകളോടെയാണ് ഞങ്ങള്‍ വരുന്നത്. ഓരോ താരത്തിലും ടീമിനു മികച്ച പ്രതീക്ഷയുണ്ട്. ഒപ്പം അവരുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്താറുമുണ്ട്. നിങ്ങള്‍ ഇപ്പോള്‍ നല്കുന്ന തരത്തില്‍ ഒരു സമ്മര്‍ദ്ദവും ടീം ഞങ്ങള്‍ക്കു നല്‍കുന്നില്ല”- എന്നാണ് സഞ്ജു മറുപടി നല്‍കിയത്.മലയാളി താരത്തിന്റെ മറുപടിയില്‍ ഇളിഭ്യനായിപ്പോയ മോറിസണ്‍ ടീമിന്റെ പ്രതീക്ഷകള്‍ സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചു വിഷയത്തില്‍ നിന്നു തെന്നി മാറുകയായിരുന്നു. അതിനും സഞ്ജു കൃത്യമായി മറുപടി നല്കി. പടിപടിയായി മുന്നേറാനാണ് ലക്ഷ്യമെന്നും ദൈര്‍ഘ്യമേറിയ ലക്ഷ്യങ്ങളില്‍ ഊന്നിയല്ല ടീമിന്റെ മുന്നേറ്റമെന്നും ഓരോ മത്സരങ്ങളായി മാത്രമേ ലീഗിനെ കാണുന്നുവുള്ളൂവെന്നും സഞ്ജു പറഞ്ഞു.”പടിപടിയായി മുന്നേറുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. മുന്നിലുള്ള ഓരോ മത്സരങ്ങളെ മാത്രമേ കാണുന്നുള്ളു. അല്ലാതെ ദൈര്‍ഘ്യമേറിയ ലക്ഷ്യങ്ങളില്ല. മുന്നിലുള്ള മത്സരങ്ങള്‍ ജയിച്ചു കയറുക. അതുവഴി അന്തിമ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് വിശ്വാസം. കാര്യങ്ങള്‍ ലളിതമായി കൊണ്ടുപോകാനാണ് രാജസ്ഥാന് ശ്രമിക്കുന്നത്” -സഞ്ജു പറഞ്ഞു.മത്സരത്തില്‍ 27 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും അഞ്ചു സിക്സറുകളും സഹിതം 55 റണ്‍സ് നേടിയ സഞ്ജു ക്യാപ്റ്റന്റെ ഇന്നിങ്സാണ് കാഴ്ചവച്ചത്. കളിയിലെ കേമനും സഞ്ജുവായിരുന്നു. തന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും ടീമിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്കാന് കഴിഞ്ഞതില്‍ ആഹ്ളാദമുണ്ടെന്നുമാണ് തന്റെ പ്രകടനത്തെക്കുറിച്ച് സഞ്ജു പ്രതികരിച്ചത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. ഇതു പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന്റെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സിലൊതുങ്ങുകയും ചെയ്തു. 61 റണ്‍സിന്റെ ആധികാരിക ജയമാണ് തങ്ങളുടെ ആദ്യ മത്സരത്തില്‍ സഞ്ജുവും സംഘവും നേടിയത്.