ഹലാല്‍ ശര്‍ക്കര; സംഘപരിവാര്‍ വ്യാജ പ്രചരണത്തിനെതിരെ നിയമനടപടിയുമായി ദേവസ്വം ബോര്‍ഡ്

ശബരിമല പ്രസാദമായ അരവണ പായസത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നുവെന്നതടക്കമുള്ള വ്യാജ പ്രചരണം നിയമപരമായി നേരിടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബി.ജെ.പി അനുബന്ധ മാധ്യമമായ ജനം ടി.വിയും ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

‘ശബരിമലയില്‍ അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത് ഒരു മുസ്ലിമിനാണ് എന്നും ഹലാല്‍ ശര്‍ക്കരയാണ് അരവണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് എന്നുമുള്ള സോഷ്യല്‍ മീഡിയകളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണ്,’ പത്രക്കുറിപ്പില്‍ പറയുന്നു.

ഇത്തരം പ്രചാരണങ്ങള്‍ അങ്ങേയറ്റം ഹീനവും അപകീര്‍ത്തികരവുമാണ്. ശബരിമല ദേവസ്വത്തിലെ അരവണ പ്രസാദത്തിനെതിരെ നടക്കുന്ന സൈബര്‍ കുപ്രചാരണങ്ങള്‍ക്കെതിരെ ശബരിമല എക്‌സികുട്ടീവ് ഓഫിസര്‍ സന്നിധാനം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നുവെന്ന ഹരജിയില്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

മറ്റ് മതസ്ഥരുടെ മുദ്ര വെച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹരജിയിലെ വാദം.

ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്തു നശിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു

 

 

Read Previous

മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം ; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

Read Next

അമേരിക്കയില്‍ പത്തനംതിട്ട സ്വദേശി വെടിയേറ്റു മരിച്ചു