ഖത്തര്‍ ലോകകപ്പ്: കാണികള്‍ക്കുളള താമസ സൗകര്യം സജ്ജം

1,30,000 റൂമുകള്‍ കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.
ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാനെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍. 1,30,000 റൂമുകള്‍ കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. പ്രതിദിനം 80 ഡോളര്‍ ഏതാണ്ട് 6,000 ഇന്ത്യന്‍ രൂപ മുതല്‍ റൂമുകള്‍ ലഭ്യമാകും. എല്ലാ തരം ആളുകള്‍ക്കും താങ്ങാവുന്ന ചെലവിലാണ് സൗകര്യങ്ങള്‍ ഒരുക്കിയതെന്നും കമ്മിറ്റി വ്യക്തമാക്കി.
ഹോട്ടലുകള്‍, ആഡംബര കപ്പലുകള്‍, വില്ലകള്‍, അപ്പാര്‍ട്മെന്റുകള്‍ എന്നിവിടങ്ങളിലായി 1.30 ലക്ഷം റൂമുകള്‍ തയാറാണെന്നും സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ലോകകപ്പിനെ വരവേല്‍ക്കാന്‍ സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും വളരെ നേരത്തെ തന്നെ ഖത്തര്‍ സജ്ജമാക്കിയിരുന്നു. ഏകദേശം 10 ലക്ഷം ആരാധകര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളുകള്‍ക്ക് ഇപ്പോള്‍ തന്നെ ഒഫീഷ്യല്‍ പ്ലാറ്റ്ഫോം വഴി താമസ സൗകര്യം ബുക്ക് ചെയ്ത് തുടങ്ങാം.
അതേ സമയം, നവംബറില്‍ ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കുന്നതോടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ഖത്തര്‍ ടൂറിസം വക്താവ് നേരത്തെ അറിയിച്ചിരുന്നു . ലോകകപ്പിനെത്തുന്ന കാണികള്‍ക്കായി ഒരുക്കുന്ന താമസസൗകര്യങ്ങള്‍ അര്‍ഹര്‍ക്ക് ലഭ്യമാവുന്നുണ്ട് എന്നുറപ്പാക്കാനാണ് ഈ നടപടി. 2022 നവംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 23 വരെയാണ് നിയന്ത്രണങ്ങള്‍. ഈ കാലയളവില്‍ ലോകകപ്പ് ടിക്കറ്റും ഹയ്യാ കാര്‍ഡ് എന്ന ഫാന്‍ കാര്‍ഡും കൈവശമുള്ള ആളുകള്‍ക്ക് മാത്രമാണ് വിസ അനുവദിക്കുക.
മത്സരങ്ങള്‍ ഉള്ള ദിവസങ്ങളിലെ സൗജന്യ പൊതുഗതാഗതം അടക്കമുള്ള സേവനങ്ങള്‍ക്കും ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന യൂറോ കപ്പ് ഫൈനലിന് ടിക്കറ്റില്ലാത്ത കാണികള്‍ സംഘടിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് അധികൃതര്‍ ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത്.

 

Read Previous

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപും കാവ്യാ മാധവനും ചേര്‍ന്നെന്ന് അന്വേഷണ സംഘം

Read Next

മലപ്പുറത്ത് പൊലീസുകാരനെ കാണാനില്ല; ഉന്നത ഉദ്യോഗസ്ഥരുടെ പീഡനമെന്ന് കത്ത്