‘പൊന്നിയന്‍ സെല്‍വന്‍’ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റ് ചിത്രം. ബിഗ് കാന്‍വാസില്‍ സിനിമ ഒരുക്കുന്ന ഇതിഹാസ സംവിധായകന്റെ ‘പൊന്നിയന്‍ സെല്‍വനി’ല്‍ അണിനിരക്കുന്നത് ഇന്ത്യന്‍ സിനിമയിലെ പല ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളാണ്. ഐശ്വര്യ റായ്, വിക്രം, ജയറാം മുതല്‍ കീര്‍ത്തി സുരേഷ്, വിക്രം പ്രഭു വരെയുള്ള വിവിധ തലമുറയാണ് ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നത്.

രണ്ട് ഭാഗങ്ങളായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഒന്നാം പതിപ്പിലെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് വികടന്‍ മാസിക. വിക്രം, ജയറാം, ഐശ്വര്യ റായ്, ജയം രവി, തൃഷ, പ്രകാശ് രാജ്, കാര്‍ത്തി, പാര്‍ഥിപന്‍ തുടങ്ങി ചിത്രത്തിലെ പ്രഗല്‍ഭ താരങ്ങളുടെ പൊന്നിയന്‍ സെല്‍വന്‍ ലുക്കാണ് പോസ്റ്ററില്‍ ഉള്ളത്.

ആഴ്വാര്‍കടിയന്‍ നമ്പിയെന്ന വിദൂഷകന്റെ വേഷത്തില്‍ വളരെ ഞെട്ടിപ്പിക്കുന്ന കഥാപാത്രവുമായാണ് ചിത്രത്തില്‍ ജയറാം എത്തുന്നതെന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്.

അമിതാഭ് ബച്ചന്‍ സിനിമയില്‍ സുന്ദര ചോഴരുടെ വേഷം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് പിന്നീട് പ്രകാശ് രാജിലേക്ക് എത്തുകയായിരുന്നു. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയന്‍ സെല്‍വന്റെ ഇതിവൃത്തം.

മണിരത്നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാന്‍ ആണ് പൊന്നിയന്‍ സെല്‍വന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ പതിപ്പ് 2022ല്‍ റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമയുടെ റിലീസ്.

 

Read Previous

സൂര്യ നായകനാകുന്ന ‘ജയ് ഭീം’ ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുന്നു

Read Next

എനിക്ക് പാല്‍ വാങ്ങാന്‍ പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍.- നടി രഞ്ജിനി