നാല് വോട്ടിനും ചില്ലറ സീറ്റിനും വേണ്ടി യു.ഡി.എഫ്, ബി.ജെ.പിയെ കൂടെ കൂട്ടി: മുഖ്യമന്ത്രി

തൃക്കാക്കരയില്‍ യു.ഡി.എഫ് ബി.ജെ.പി കൂട്ടുകെട്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല ഘട്ടങ്ങളിലും കേരളത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പിയുമായി ഒത്തുകളിച്ചുവെന്നത് നാടിന് ബോധ്യമായ കാര്യമാണെന്നും അത് ഇപ്പോഴും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി എങ്ങനെ കാണുന്നുവെന്ന് ഗൗരവമായി ആലോചിക്കണം. പഴയ രീതിയിലുള്ള വോട്ട് കച്ചവടത്തിന്റെ സ്വാദ് അറിഞ്ഞ ബി.ജെ.പി നേതാക്കളും ഉണ്ട്.

നാല് വോട്ടിനും ചില്ലറ സീറ്റിനും വേണ്ടി യു.ഡി.എഫ് ഇവരെ കൂടെ കൂട്ടിയിട്ടുണ്ട്. അത് ഈ ഉപതെരഞ്ഞെടുപ്പിലും കാണുന്നുണ്ട്.

2016ല്‍ എല്‍.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ സജ്ജമായി. അതില്‍ രാഷ്ട്രീയ വേര്‍തിരിവ് കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2021ലെ ജനങ്ങളുടെ വിലയിരുത്തല്‍ ഇപ്പോള്‍ ദുര്‍ബോധനപ്പെടുത്താന്‍ ശ്രമം നടത്തുകയാണ് പ്രതിപക്ഷം. യു.ഡി.എഫും ബി.ജെ.പിയും അടക്കമുള്ള വലതുപക്ഷ ശക്തികള്‍ അതിനായി ഒന്നിച്ച് അണിനിരക്കുന്നു.

ചില മാധ്യമങ്ങളും അതിന് കൂട്ട് നില്‍ക്കുന്നു. പക്ഷേ ജനം അത് തള്ളിയാണ് തെരഞ്ഞെടുപ്പില്‍ വിധി എഴുതുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃക്കാക്കരയില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ പല രീതിയില്‍ നടക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ വിവിധ ചേരികളില്‍ ആക്കാനാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ശ്രമം. ഒരു വിഭാഗത്തിന് നേരെ ഉള്ള ആക്രമണം കൂടുന്നു. ചില ആരാധനാലയങ്ങള്‍ മാറ്റിയെടുക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നു.

എല്ലാത്തിനും പിന്നില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. രാജ്യത്തിന്റെ പരമോന്നത കോടതി വ്യക്തത വരുത്തിയ കര്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതി കാണുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണെന്നും രാജ്യത്തിന്റെ സ്വസ്ഥത തകര്‍ക്കാന്‍, സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.മത നിരപേക്ഷത തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Read Previous

വിവാഹത്തിന് സ്വര്‍ണം ധരിക്കില്ലെന്നത് എന്റെ തീരുമാനമായിരുന്നു, പെണ്‍കുട്ടികള്‍ അവരുടെ സ്വന്തം കാലില്‍ നില്‍ക്കണം; സിത്താര കൃഷ്ണകുമാര്‍

Read Next

കോണ്‍ഗ്രസിന് ശ്രീരാമനോട് ശത്രുത; അവര്‍ ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കുന്നു: ഹാര്‍ദിക് പട്ടേല്‍