പിജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു ; ഇന്ന് മുതല്‍ എല്ലാവരും ജോലിയില്‍ പ്രവേശിക്കും

സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഒപി., വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചുള്ള സമരവും നിര്‍ത്തി. ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പിജി ഡോക്ടര്‍മാര്‍ രാത്രി വൈകി സമരം പിന്‍വലിച്ചത്. ആവശ്യങ്ങള്‍ എഴുതി നല്‍കാന്‍ ഡോക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് കെഎംപിജിഎ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഡ്യൂട്ടിയില്‍ കയറുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സ്റ്റൈപ്പന്‍ഡ് വര്‍ധന, അലവന്‍സുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് എന്നിവയില്‍ കെഎംപിജിഎ സമഗ്രമായ റിപോര്‍ട്ട് സര്‍ക്കാരിന് നല്‍കും. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമര്‍ജന്‍സി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കാന്‍ പിജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കാഷ്വാലിറ്റി, ലേബര്‍ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പിജി ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. അഞ്ച് ദിവസം എമര്‍ജന്‍സി ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് പിജി ഡോക്ടര്‍മാര്‍ സമരം ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രണ്ട് തവണയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്.

ജോലി ഭാരം കണക്കിലെടുത്ത് റസിഡന്റ് മാനുവല്‍ നടപ്പാക്കാനും ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 16 ദിവസമായി തുടര്‍ന്നുവന്ന സമരമാണ് പിജി ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചിരിക്കുന്നത്.

Read Previous

വടകര താലൂക്ക് ഓഫിസില്‍ വന്‍ തീപ്പിടിത്തം; ഫയലുകള്‍ കത്തിനശിച്ചു

Read Next

മുസ്ലിം ലീഗിനെ ജിന്നയുടെ ലീഗിനോട് ഉപമിച്ച് കോടിയേരി ബാലകൃഷ്ണന്‍