പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പാര്‍ലമെന്റിലെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി

രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിനു നോട്ടീസ്. ലോക്‌സഭയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയും രാജ്യസഭയില്‍ ബിനോയ് വിശ്വം എം.പിയുമാണ് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

ഇസ്രായേല്‍ ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടേതുള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീം കോടതി ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയും നാല്‍പതോളം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകളെ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയാണ് ചെയ്തത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും നിയമവിരുദ്ധമായി ഒരു നിരീക്ഷണവും ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൃത്യമായ മാനദണ്ഡം ഉണ്ട്. കേന്ദ്ര-സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ദേശീയ താത്പര്യമുള്ള കാര്യങ്ങളില്‍ മാത്രമേ ഇത്തരം ഇടപെടല്‍ ഉണ്ടാകാറുള്ളൂ എന്നും ഈ വിവാദത്തില്‍ നേരത്തെ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞതാണെന്നും കേന്ദ്ര വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാന്‍ പ്രതിപക്ഷ തീരുമാനിച്ചത്. പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തിന് പുറമെ കോവിഡ് രണ്ടാം തരംഗ പ്രതിരോധം, വാക്‌സിന്‍ വിതരണം, കര്‍ഷക സമരം, ഇന്ധന വിലവര്‍ധന, സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളും സഭയില്‍ ചര്‍ച്ചയാകും.

 

Read Previous

ജനങ്ങള്‍ 2024 വരെ കാക്കില്ല; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ഓം പ്രകാശ് ചൗട്ടാല

Read Next

മാലിക് ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കണം