പുഴയില്‍ നിന്ന് കണ്ടെടുത്തത് 2000 മൃതദേഹങ്ങള്‍ യുപിയിലെ കാഴ്ച്ചകള്‍ ഞെട്ടിക്കുന്നത്

ഉത്തര്‍പ്രദേശിലും ബിഹാറിലുമായി ഗംഗാതീരത്ത് കണ്ടെത്തിയത് 2000 മൃതദേഹങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍.’ദി ഏഷ്യന്‍ ഏജ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗംഗാ നദിയോട് ചേര്‍ന്നുള്ള വിദൂര ഗ്രാമങ്ങളില്‍ മരിച്ച കൊവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായും ഏഷ്യന്‍ ഏജ്’ റിപോര്‍ട്ട് ചെയ്തു. ഗ്രാമവാസികളില്‍ ഭൂരിഭാഗവും പരമ ദരിദ്രരായതിനാല്‍ കുടുംബാംഗങ്ങളുടെ അന്ത്യകര്‍മങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയാത്തതിനാലാണ് മൃതദേഹങ്ങള്‍ പുഴയിലൊഴുക്കിയത്. യുപിയിലും ബിഹാറിലുമായി ഗംഗയുടെ 1,400 കിലോമീറ്ററിലധികം നീളമുള്ള തീരമാണ്.

കാണ്‍പൂര്‍, ഗാസിപൂര്‍, ഉന്നാവോ, ബാലിയ ജില്ലകളിലാണ് മൃതദേഹങ്ങള്‍ ഗംഗയിലെറിയുന്ന സംഭവം ഏറെയെന്നും ഇവ ബിഹാറിലെത്തുകയാണെന്നും അധികൃതര്‍ പറയുന്നു. ഭൂരിഭാഗം മൃതദേങ്ങളും ഉത്തര്‍പ്രദേശില്‍നിന്ന് ഒഴുകിവന്ന് അടിഞ്ഞ് കൂടുകയാണെന്ന് നേരത്തെ ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതോടെ മറ്റു പകര്‍ച്ച വ്യാധികള്‍ പടരാന്‍ കാരണമായേക്കുമെന്നതിനാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തര്‍പ്രദേശ്, ബിഹാര്‍ സര്‍ക്കാറുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളായ യുപി, ബിഹാര്‍ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് ബാധിതരുടെ കൂട്ടമരണങ്ങള്‍ കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

 

Read Previous

ഇസ്രായേല്‍ കൂട്ടകൊലക്കെതിരെ ലോകരാജ്യങ്ങളില്‍ വന്‍ പ്രതിഷേധം

Read Next

ഇസ്രായേല്‍ നിലപാടില്‍ പ്രതിഷേധിച്ച് ബൈഡന്റെ ഈദുല്‍ ഫിത്വര്‍ ആഘോഷം മുസ്ലീം സംഘടനകള്‍ ബഹിഷ്‌ക്കരിച്ചു