തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ റെയ്ഡ്; കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയ ഓഫീസുള്‍പ്പെടെ 40 ഓളം സ്ഥലങ്ങളില്‍ പരിശോധന

ന്യൂഡല്‍ഹി: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് കശ്മീരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റെയ്ഡ്. ജമ്മു കശ്മീരിലെ 14 ജില്ലകളിലായി ജമാഅത്തെ ഇസ്‌ലാമിയിലെ മുതിര്‍ന്ന ചില അംഗങ്ങളുമായി ബന്ധപ്പെട്ട 40 ഓളം സ്ഥലങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2019 ല്‍ ജമാഅത്തെ ഇസ്‌ലാമിയെ ജമ്മുകശ്മീരില്‍ നിരോധിച്ചിരുന്നു. അതിനുശേഷം, സംഘടനയുടെ നേതാക്കളില്‍ പലരും അറസ്റ്റിലായി.

നിരോധിത സംഘടനയിലെ അംഗങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ സംഭാവനകള്‍ ശേഖരിക്കുന്നുണ്ടായിരുന്നെന്നും എന്നാല്‍ ഈ ഫണ്ടുകള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും എന്‍.ഐ.എ പ്രസ്താവനയില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി സമാഹരിച്ച ഫണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ഇത്വയ്ബ തുടങ്ങിയ നിരോധിക്കപ്പെട്ട ഭീകര സംഘടനകളിലേക്കും മറ്റുള്ളവരുടെ സംഘടിത ശൃംഖലകളിലൂടെയും കൈമാറുന്നെന്നും എന്‍.ഐ.എ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ എന്‍.ഐ.എ നടത്തുന്ന മൂന്നാമത്തെ വലിയ ഓപ്പറേഷനാണിത്.

കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ നിരോധിക്കപ്പെട്ട അസോസിയേഷന്റെ ഭാരവാഹികള്‍, അതിന്റെ അംഗങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവ ഉള്‍പ്പെടുന്നെന്നും റെയ്ഡില്‍ വിവിധ കുറ്റകരമായ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തെന്നും എന്‍.ഐ.എ പ്രസ്താവനയില്‍ പറയുന്നു.

Read Previous

ഗോത്രവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുക – പട്ടികജാതി വര്‍ഗ പിന്നോക്ക ക്ഷേമമന്ത്രി കെ രാധാകൃഷ്ണന്‍ എഴുതുന്നു

Read Next

കോഴ ആരോപണം; സി കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്, രണ്ട് ബി ജെ പി നേതാക്കള്‍ക്കെതിരെ കേസ്