പാലാ ബിഷപ്പ് പരാമര്‍ശം പിന്‍വലിക്കണം; ചര്‍ച്ച ബഹിഷ്‌ക്കരിച്ച് മുസ്ലീം സംഘടനകള്‍

ക്ലിമ്മിസ് ബാവ വിളിച്ച മത സാമുദായിക സംഘടനകളുടെ യോഗത്തില്‍ മുസ്‌ലിം സംഘടനകള്‍ പങ്കെടുത്തില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത എ.പി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളാണ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത്.

വിദ്വേഷ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്ന നിലപാടിലാണ് മുസ്‌ലിം സംഘടനകള്‍. അല്ലെങ്കില്‍ വിദ്വേഷ പരാമര്‍ശം ബിഷപ്പ് പിന്‍വലിക്കണം. അല്ലാതെ മധ്യസ്ഥ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി.

പ്രമുഖ മുസ്‌ലിം സംഘടനകള്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍, അധ്യാപകന്‍ അഷ്റഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗുരുരത്നം ജ്ഞാനതപസ്വി അടക്കമുള്ളവരും യോഗത്തിനെത്തിയിട്ടുണ്ട്. വിവിധ സഭാ അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും.

രണ്ടു വിഭാഗവും കുറ്റം ചെയ്യുമ്പോഴാണ് മധ്യസ്ഥ ചര്‍ച്ചയും അനുനയശ്രമങ്ങളുമുണ്ടാകേണ്ടത്. മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നടപടിയുണ്ടായിട്ടില്ലാത്തതിനാല്‍ ബിഷപ്പ് മാപ്പുപറയുകയോ പ്രസ്താവന പിന്‍വലിക്കുകയെ ചെയ്യുകയാണു വേണ്ടതെന്ന് കഴിഞ്ഞ ദിവസം സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുറിവേറ്റ വിഭാഗങ്ങളെ മാത്രം ചികിത്സിക്കുന്ന രീതി ശരിയല്ലെന്ന് ഇന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി വ്യക്തമാക്കിയിരുന്നു.

 

Read Previous

പാലാ ബിഷപ്പിന്റെ ആശങ്കയെ സമസ്തയും കാന്തപുരവും ഭീഷണികൊണ്ട് അമര്‍ച്ച ചെയ്യുന്നു; ശോഭാ സുരേന്ദ്രന്‍

Read Next

ആത്മാഭിമാനം നഷ്ടപ്പെടുത്തി ജീവിക്കാന്‍ സാധിക്കില്ല; അഖാഡെ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരി മഹാരാജ് തൂങ്ങി മരിച്ച നിലയില്‍