കുളിമുറിയില്‍ പ്രസവിച്ച ശേഷം പതിനാറുകാരി കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ് കൊലപ്പെടുത്തി

കുളിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ് കൊലപ്പെടുത്തി പതിനാറുകാരി. മുംബൈയിലെ വിരാറിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തന്റെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുളിമുറിയില്‍ വച്ച് കുഞ്ഞിനെ പ്രസവിച്ച ശേഷം വീട്ടുകാര്‍ അറിയാതിരിക്കാനായി പതിനാറുകാരി ജനലിലൂടെ നവജാത ശിശുവിനെ താഴേയ്ക്ക് എറിയുകയായിരുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ പതിനാറുകാരിക്കെതിരെ കൊലപാതക്കുറ്റം ചുമത്തിയ പൊലീസ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ 22 കാരനെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു. 22 കാരനായ യുവാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് ഗര്‍ഭം മറച്ചുവച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളോട് മുംബൈ പൊലീസ് പറഞ്ഞത്. കെട്ടിടത്തിന് വെളിയില്‍ നവജാതശിശുവിനെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശിശുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നവജാത ശിശു ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

കെട്ടിടത്തിലെ വീടുകളില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉണ്ടെങ്കിലും ആരും തന്നെ കെട്ടിടത്തിന് പുറത്ത് പോയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തില്‍ ആദ്യം കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് പതിനാറുകാരിയുടെ കുളിമുറിയിലും ജനലിലും രക്തക്കറ പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പതിനാറുകാരി കുറ്റം നിഷേധിച്ചുവെങ്കിലും ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ പൊലീസ് സത്യം കണ്ടെത്തുകയായിരുന്നു.

Read Previous

മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനൊരുങ്ങി യുഎഇ

Read Next

ഇന്ത്യന്‍ ഹോക്കി ടീമിലെ പഞ്ചാബ് കളിക്കാര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍