കൊച്ചി അപകടം; മിസ് കേരള പങ്കെടുത്ത പാര്‍ട്ടിയില്‍ നടന്‍ ജോജു പങ്കെടുത്തോയെന്ന് അന്വേഷിക്കണം; ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

അപകടത്തില്‍ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ നടന്‍ ജോജു ജോര്‍ജ് പങ്കെടുത്തിരുന്നോ എന്ന് പോലീസ് അന്വേഷിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഈ വിഷയത്തില്‍ നേരത്തേ സംശയമുണ്ടായിരുന്നു. കൃത്യമായ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. അന്ന് വെളുപ്പിനുണ്ടായ പ്രശ്നങ്ങള്‍ മറയ്ക്കാനാണ് ജോജു സമരത്തിനിടെ പ്രശ്നമുണ്ടാക്കിയതെന്നാണ് അറിയുന്നതെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.

കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തിനിടെ ജോജു വന്നു കയറിയത് യാദൃച്ഛികമായല്ലെന്ന് അന്നേ സംശയമുണ്ടായിരുന്നു. നമ്പര്‍ 18 ഹോട്ടലില്‍ അന്നു രാത്രി നടന്ന ഡിജെ പാര്‍ട്ടിയില്‍ ആരോക്കെയാണ് പങ്കെടുത്തതെന്നതില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ല. അന്വേഷണം അട്ടിമറിക്കാനാണ് തുടക്കം മുതല്‍ പോലീസ് ശ്രമിച്ചിരുന്നത്.

ഡിജെ പാര്‍ട്ടിയില്‍ ഉദ്യോഗസ്ഥരോ അവരുടെ മക്കളോ സിനിമാ മേഖലയുമായി ബന്ധമുള്ളവരോ ഉണ്ടാകാം. കേസ് തേച്ചുമായ്ച്ചു കളയാന്‍ പോലീസിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് 9 ദിവസം കാത്തുനിന്നു. ആരാണ് തലേദിവസം നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതെന്ന് അറിയാന്‍ പാര്‍ട്ടി നേതൃത്വവും ശ്രമിക്കുന്നുണ്ടായിരുന്നു. ലഹരി പാര്‍ട്ടിയില്‍ ജോജുവാണോ അതേ മറ്റാരെങ്കിലുമാണോ പങ്കെടുത്തതെന്ന് അറിയാന്‍ അന്വേഷണം നടക്കുകയാണ്.

സമരം അലങ്കോലപ്പെടുത്താന്‍ വന്ന ജോജു സാധാരണക്കാര്‍ പെരുമാറുന്നതു പോലെയായിരുന്നില്ല പെരുമാറിയത്. ജനത്തിന്റെ പ്രതിഷേധം മനസിലാക്കാം. എന്നാല്‍ അദ്ദേഹം വേറൊരു തരത്തിലുള്ള ആളെപ്പോലെയാണ് പെരുമാറിയത്. ജോജു സമരത്തില്‍ ബഹളമുണ്ടാക്കിയത് ആര്‍ക്കുവേണ്ടിയാണെന്ന് അന്വേഷണത്തില്‍ കൂടി പുറത്തു വരണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

 

Read Previous

പാലായില്‍ വിവിധയിടങ്ങളില്‍ ഭൂചലനം, ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസര്‍

Read Next

ലഖിംപൂര്‍ ഖേരി കേസ്്; അന്വേഷണത്തിന് റിട്ടയേര്‍ഡ് ജഡ്ജി രാകേഷ് കുമാര്‍ ജെയിന്‍ മേല്‍നോട്ടം വഹിക്കും