എംപിമാരുടെ സസ്‌പെന്‍ഷന്‍: മാപ്പ് പറയില്ലെന്ന് എംപിമാര്‍

രാജ്യസഭയില്‍ നിന്ന് 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവം രാജ്യസഭയിലുന്നയിച്ച് പ്രതിപക്ഷം. വിഷയം സബ്മിഷനായാണ് ഉന്നയിച്ചത്. ചട്ടവിരുദ്ധമായാണ് സസ്‌പെന്‍ഷനെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് അംഗങ്ങളെ അറിയിച്ചില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

സഭാ ചട്ടങ്ങള്‍ ലംഘിച്ചാണ് നടപടിയെന്നും എതിര്‍ ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ന്യായമായ വിഷയങ്ങളിലാണ് പ്രതിഷേധിച്ചതെന്നും മാപ്പ് പറയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ചര്‍ച്ച കൂടാതെ പാസാക്കിയതിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തും.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ കുറ്റംചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിഗണിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

‘സഭയുടെ അന്തസ്സ് നിലനിര്‍ത്താന്‍, സസ്പെന്‍ഷന്‍ എന്ന നിര്‍ദേശം മുന്നോട്ടുവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ ഈ 12 എംപിമാര്‍ അവരുടെ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാല്‍, തുറന്ന ഹൃദയത്തോടെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്’- പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് പാര്‍ലമെന്റ് പ്രക്ഷുബ്ധമായ സംഭവത്തിലാണ് നടപടി. പെഗാസസ് ചാരവൃത്തിയില്‍ അന്വേഷണവും പാര്‍ലമെന്റില്‍ ചര്‍ച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത്. എളമരം കരിം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 എംപിമാരെയാണ് സമ്മേളന കാലയളവ് വരെ പുറത്ത് നിര്‍ത്തുന്നത്. കഴിഞ്ഞ സമ്മേളന കാലത്തെ സംഭവത്തിന്റെ പേരില്‍ ഈ സമ്മേളന കാലയളവില്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് ലോക്‌സഭാ സെക്രട്ടറി ജനറല്‍ ആയിരുന്ന പി ഡി ടി ആചാരി പറഞ്ഞു.

പ്രിവിലേജ് കമ്മിറ്റി മുഖേനയും അംഗങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാം. പക്ഷേ കമ്മിറ്റിക്ക് മുമ്പാകെ ഈ അംഗങ്ങളെ വിളിച്ചു വരുത്തുകയും അവരുടെ ഭാഗം കേള്‍ക്കുകയും ചെയ്യണം. ഇവിടെ ഈ നടപടിയും ഉണ്ടായില്ല. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെയാണ് കടുത്ത അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. സസ്‌പെന്‍ഷനെ ചൊല്ലി രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോരുണ്ടായി. തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിച്ചു. ലോക്‌സഭ 2 മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

Read Previous

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ്

Read Next

ഖുത്തുബ് മിനാര്‍ കോംപ്ലക്സിലെ മസ്ജിദിനു മേല്‍ അവകാശവാദമുന്നയിച്ചുള്ള ഹിന്ദുത്വരുടെ ഹരജി ഡല്‍ഹി കോടതി തള്ളി