മോഡലുകളുടെ മരണം; കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് കമ്മീഷണര്‍

മോഡലുകളുടെ മരണത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്‍ ലഹരിക്കടിമ എന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സൈജുവിന്റെ ഉപദ്രവത്തിന് ഇരയായവര്‍ പരാതി നല്‍കിയാല്‍ കേസ് എടുക്കും. സൈജു മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്നും കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.

ഡിജെ പാര്‍ട്ടികളില്‍ സൈജു എം.ഡി.എം.എ ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നു. മാരാരിക്കുളത്ത് നടന്ന ലഹരി പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു. ഇന്നലെ അന്വേഷണസംഘം സൈജുവിന്റെ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. സ്ഥിരമായി ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും ലഹരി മരുന്ന് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും സൈജു മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്റെ മൊഴിയിലുണ്ട്. ഈ ഉദ്ദേശത്തില്‍ തന്നെയാണ് മരിച്ച മോഡലുകളെയും സൈജു സമീപിച്ചത്. ആവശ്യം നിരസിച്ച് കാറില്‍ മടങ്ങിയ മോഡലുകളെ സൈജു ഔഡി കാറില്‍ പിന്തുടരുകയായിരുന്നു. സൈജുവിന്റെ ഫോണില്‍ നിന്ന് ഡിജെ പാര്‍ട്ടികളുടേത് ഉള്‍പ്പെടെ ചില ചിത്രങ്ങളും വീഡിയോകളും അന്വേഷണസംഘത്തിന് ലഭിച്ചു. ചിത്രങ്ങളില്‍ സൈജുവിനൊപ്പമുള്ള പെണ്‍കുട്ടികളുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.

 

Read Previous

കേരളത്തിന് അഭിമാനം ;ആര്‍. ഹരികുമാര്‍ നാവികസേനാ മേധാവിയായി ചുമതലയേറ്റു

Read Next

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ്