നീ എന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ച് മാനസ ക്ഷുഭിതയായി; രാഖില്‍ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോയി; പിന്നെ കേട്ടത് വെടിയൊച്ച

കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി രഖില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസയും സഹപാഠികളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വീട്ടിലെത്തിയതെന്നും ഇയാളെ കണ്ടയുടനെ മാനസ നീ എന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ച് ക്ഷോഭിച്ചെന്നും ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. പിന്നാലെ ഇയാള്‍ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ വീട്ടുടമസ്ഥയെ വിവരമറിയിക്കാന്‍ പോയെങ്കിലും ഇതിനിടെ മുറിയില്‍ നിന്ന് വെടിയൊച്ച കേട്ടു. ഉടന്‍തന്നെ ഇവര്‍ മുകള്‍ നിലയില്‍ എത്തിയപ്പോള്‍ ചോരയില്‍കുളിച്ചു കിടക്കുന്ന മാനസയെയും രഖിലിനെയുമാണ് കണ്ടതെന്നും പോലീസുകാര്‍ പറയുന്നു.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ ഹൗസ് സര്‍ജനായിരുന്നു കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ കോളേജിനടുത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിലെ മുകള്‍നിലയില്‍ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. സംഭവസമയം മാനസയ്ക്കൊപ്പം മൂന്ന് സഹപാഠികളും വീട്ടിലുണ്ടായിരുന്നു. ഉച്ചയോടെ ഇവിടെയെത്തിയ രഖിലിനെ കണ്ടയുടന്‍ ഭക്ഷണം കഴിക്കുകയായിരുന്ന മാനസ നീ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ച് ക്ഷോഭിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് ഒന്നും മനസിലായില്ല. പിന്നാലെ പ്രതി മാനസയെ മുറിയിലേക്ക് പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോയി. ഇതോടെ ഭയന്നുപോയ സഹപാഠികള്‍ താഴെയുള്ള വീട്ടുടമസ്ഥയെ വിവരമറിയിക്കാനായി പോയപ്പോഴാണ് മുകള്‍നിലയില്‍നിന്ന് ശബ്ദം കേട്ടത്. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് സഹപാഠികളും വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന ഇവരുടെ മകനും മുകള്‍നിലയിലേക്ക് ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന മാനസയെയും രഖിലിനെയുമാണ് ഇവര്‍ കണ്ടത്.

രഖിലിനെക്കുറിച്ച് മാനസ നേരത്തെ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് ചില സഹപാഠികള്‍ മൊഴിനല്‍കിയിരിക്കുന്നത്. അതേസമയം, രഖില്‍ മാനസയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായും ഇതുസംബന്ധിച്ച് മാതാപിതാക്കള്‍ കണ്ണൂരില്‍ പരാതിപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, രഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, എവിടെനിന്ന് തോക്ക് സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്. പ്രതി ദിവസങ്ങള്‍ക്ക് മുമ്പ് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇരുവരുടെയും മരണം വെടിയേറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. പ്രതി ഉപയോഗിച്ച തോക്കും ഇവിടെത്തന്നെയുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

 

Read Previous

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

Read Next

രാഖില്‍ മാനസയെ മുന്‍പും ശല്യപ്പെടുത്തിയിരുന്നതായി സൂചന; വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനം