രാഖില്‍ മാനസയെ മുന്‍പും ശല്യപ്പെടുത്തിയിരുന്നതായി സൂചന; വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനം

കൊല്ലപ്പെട്ട ഡെന്റല്‍ വിദ്യാര്‍ത്ഥി മാനസയെ മുന്‍പും രാഖില്‍ പ്രണയാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തിയിരുന്നതായി സൂചന. രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ശല്യം രൂക്ഷമായതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഒടുവില്‍ പ്രശ്‌നം കണ്ണൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്

ശല്യപ്പെടുത്തുകയില്ലെന്ന് രാഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രാഖില്‍ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു.

രാഖില്‍ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. ഒരു മാസമായി പ്രതി രഖില്‍ നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായാണ് വിവരം. മാനസ താമസിച്ച വീടിനു മുന്നില്‍ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാല്‍ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രഖില്‍ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടില്‍ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരില്‍ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാഖിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. മാനസ രണ്ടു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പൊലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഖിലിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും പരിശോധിച്ചാല്‍ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകും.

മാനസയെ രാഖില്‍ ക്ലോസ് റേഞ്ചില്‍ വെടിവയ്ക്കുകയായിരുന്നു. മുറി തള്ളിത്തുറന്നപ്പോള്‍ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. കഴുത്തിന് പിറകിലും വയറിലുമാണ് വെടിയേറ്റത്. രാഖിലിന് തലക്കാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചു. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് രണ്ടാം മൈല്‍ സ്വദേശിയാണ് മാനസ. കൊലയാളിയായ രാഖില്‍ തലശേരി സ്വദേശിയാണ്. ഇയാള്‍ കണ്ണൂരില്‍ നിന്ന് തോക്ക് സംഘടിപ്പിച്ചാണ് കോതമംഗലത്തെത്തിയതെന്നാണ് സംശയം. രാഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

 

 

 

 

Read Previous

നീ എന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ച് മാനസ ക്ഷുഭിതയായി; രാഖില്‍ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോയി; പിന്നെ കേട്ടത് വെടിയൊച്ച

Read Next

രഖിൽ ഉപയോഗിച്ചത് വിപണിയിൽ ലഭ്യമല്ലാത്ത തോക്ക്; ലഭിച്ചത് എവിടെ നിന്നെന്ന് അന്വേഷണം