സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചനിലയില്‍

കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്നാണ് സൂചന. പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ മൃതദേഹത്തിനു സമീപം കണ്ടെത്തി.

വ്യാഴാഴ്ച രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഏതാനും മാസം മുന്‍മ്പ് മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാന്‍ കാരണമെന്നാരോപിച്ചും പരാതികള്‍ പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുകയാണെന്നും പറഞ്ഞ് റസാഖ് പലവട്ടം പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നു.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവര്‍ക്കു മക്കളില്ല.

സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചനിലയില്‍
Vinkmag ad

Read Previous

ലൈഫ് മിഷന്‍ കേസ്: ശിവശങ്കരന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Read Next

പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

Most Popular