ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ മലയാളികളും

ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ മലയാളികളുമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ജെയസണ്‍ കൂപ്പര്‍ തുടങ്ങിയവരുടെ ഫോണുകളും ചോര്‍ത്തിയെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതിനു പുറമെ, ഭീമാ കൊറേഗാവ് കേസ് ചുമത്തപ്പെട്ട മലയാളികളായ ഹാനി ബാബു ഉള്‍പ്പെടെയുള്ളവരുടെയും ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ട്. ദി വയര്‍ സ്ഥാപക എഡിറ്റര്‍മാരായ സിദ്ദാര്‍ഥ് വരദരാജ്, എം കെ വേണു തുടങ്ങി ദേശീയതലത്തില്‍ തന്നെ പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്.

ഇസ്രായേല്‍ കമ്പനി നിര്‍മ്മിച്ച ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന് അഭ്യൂഹമുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ന് രാത്രി ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്ന് സൂചനയുണ്ടെന്നും രാജ്യസഭാ എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സുപ്രിംകോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയതായാണു കണ്ടെത്തിയിട്ടുള്ളത്. മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് കേന്ദ്രമന്തിമാര്‍, സുപ്രിംകോടതി ജഡ്ജി, ആര്‍എസ്എസ് നേതാക്കള്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, 180ഓളം മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണു ചോര്‍ത്തിയിട്ടുള്ളത്.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസിന്റെ ചാരപ്രവര്‍ത്തനം കണ്ടെത്തിയത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍, ചിത്രങ്ങള്‍, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തിയെന്നാണു റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളിലെ ഫോണുകള്‍ ചോര്‍ത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളില്‍ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ലെന്നതും ഇരയാക്കപ്പെടുന്ന ആള്‍ക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകള്‍ ലഭിക്കില്ലെന്നതുമാണ് പെഗാസസിന്റെ പ്രത്യേകത. 2019ല്‍ ഒരു ആരോപണം ഉണ്ടായപ്പോള്‍ ഇത്തരത്തിലൊരു സോഫ്റ്റ് വെയര്‍ ഉണ്ടെന്ന് ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ ഈ സോഫ്റ്റ് വെയര്‍ വില്‍ക്കുന്നത് സര്‍ക്കാരുകള്‍ക്ക് മാത്രമാണെന്നായിരുന്നു കമ്പനിയുടെ വാദം. വാട്സ് ആപ്പിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരചോര്‍ച്ച പുറത്തെത്തിയത്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ആപ്പിള്‍ തുടങ്ങിയവയെല്ലാം പെഗാസസ് ആക്രമണത്തിനിരയായിട്ടുണ്ട്. 2019ല്‍ ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ ഭൂരിപക്ഷവും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായിരുന്നു. അന്ന് 20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Read Previous

മാലിക് ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കണം

Read Next

ബക്രീദ് അവധി ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി