ചാമ്പ്യന്‍ കേരളം’; സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ചാമ്പ്യന്മാര്‍. ഫൈനലില്‍ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴ്പ്പെടുത്തിയാണ് (5-4) കേരളം കിരീടത്തില്‍ മുത്തമിട്ടത്. കേരളത്തിന്റെ ഏഴാം കിരീട നേട്ടമാണിത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കേരളത്തിന്റെ വിജയം.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാല്‍ലക്ഷത്തോളം ഫുട്ബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തിയായിരുന്നു കേരളത്തിന്റെ ആവേശോജ്ജ്വല വിജയം. നിശ്ചിത സമയത്ത് ഗോള്‍വല ചലിപ്പിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. കളിയിലുടനീളം ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തുകയും ചെയ്തു.

എക്സ്ട്രാ ടൈമിലേക്കു നീണ്ട ഫൈനലില്‍, 97-ാം മിനിറ്റില്‍ ദിലീപ് ഓര്‍വാന്റെ ബുള്ളറ്റ് ഹെഡറിലൂടെ കേരളത്തെ ഞെട്ടിച്ച് ബംഗാള്‍ മുന്നിലെത്തി. (1-0). വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ ഗോള്‍ മടക്കി ഒപ്പമെത്താന്‍ കേരളം കിണഞ്ഞുശ്രമിച്ചു. എക്സ്ട്രാ ടൈം അവസാനിക്കാന്‍ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ, ഉജ്ജ്വല ഹെഡറിലൂടെ മുഹമ്മദ് സഫ്നാദ് കേരളം പ്രാര്‍ത്ഥനയോടെ കാത്തിരുന്ന സമനില ഗോള്‍ കണ്ടെത്തി (1-1). എക്സ്ട്രാ ടൈമും സമനിലയായതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

പെനാല്‍റ്റിയില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്ലുറഹ്‌മാന്‍ എന്നിവര്‍ പന്ത് വലയിലെത്തിച്ചപ്പോള്‍ ബംഗാള്‍ നിരയില്‍ രണ്ടാം കിക്കെടുത്ത സജല്‍ പാലിന്റെ ഷോട്ട് പുറത്തേക്കു പോയത് കലാശക്കളിയിലെ വിധിയെഴുത്തായി. 2018-19 ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്.

സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനോട് ഏറ്റുമുട്ടിയ നാലു ഫൈനലുകളില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. 1992-93 നു ശേഷം ആദ്യമായാണ് കേരളത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരള ടീം കപ്പ് ഉയര്‍ത്തുന്നതും. കേരളത്തിന്റെ നായകന്‍ ജിജോ ജോസഫ് ആണ് ടൂര്‍ണമെന്റിലെ താരം.

 

Read Previous

മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നുവെന്ന് പരാമര്‍ശം;ബൈഡന്‍

Read Next

തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും; പൂരം 10 ന്