
റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. റവന്യൂ വകുപ്പും പൊലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയെയും എ.ഡി.എമ്മിനെയും മന്ത്രി വിളിച്ചുവരുത്തിയിരുന്നു. ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ദേശീയപതാക തലകീഴായി ഉയര്‍ത്തിയത്.
തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ മാദ്ധ്യമപ്രവര്‍ത്തകരാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പതാക താഴ്ത്തി ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.
ദേശീയ പതാക ഉയര്‍ത്തേണ്ടതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കേണ്ടത് പൊലീസാണെന്നാണ് റവന്യൂ വകുപ്പ് നല്കുന്ന വിശദീകരണം. എന്നാല്‍ ചടങ്ങിലെ സുരക്ഷാനടപടികള്‍ മാത്രമാണ് തങ്ങളുടെ ചുമതലയെന്നും മറ്റുചുമതലകള്‍ റവന്യൂ വകുപ്പാണ് വഹിക്കേണ്ടതെന്നുമാണ് പൊലീസ് പറയുന്നത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ ആരാണെന്നറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി അറിയിച്ചു.