കാപികോ റിസോര്‍ട്ട് ഇന്ന് പൊളിക്കും; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ജീവനക്കാരുടെ അതിക്രമം

പാണാവള്ളി നെടിയതുരുത്തിലെ നിയമവിരുദ്ധമായി നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികള്‍ ഇന്ന് രാവിലെ 10 മണിയോടെ തുടങ്ങും. ഘട്ടം ഘട്ടമായി നടക്കുന്ന പൊളിക്കലില്‍ ആദ്യം രണ്ടു വില്ലകളാണ് പൊളിക്കുക. അതിനിടയില്‍ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ റിസോര്‍ട്ട് ജീവനക്കാരുടെ അതിക്രമം.

ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. റിസോര്‍ട്ട് കയ്യേറിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഏറ്റെടുത്ത് കഴിഞ്ഞ ദിവസം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. 7.0212 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ട്ടിന് പട്ടയമുള്ളതിന്റെ ബാക്കിയുള്ള 2.9397 ഹെക്ടര്‍ സ്ഥലമാണ് കലക്ടര്‍ ഏറ്റെടുത്തത്. റിസോര്‍ട്ട് പൊളിക്കുന്നതിന് 2020 ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടത്. തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് 2018ല്‍ കേരള ഹൈക്കോടതി ഉത്തരിവിട്ടിരുന്നു. ഇതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീകോടതി ഉത്തരവ് വന്നത്.

35900 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുക. നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളും പൊളിക്കുന്നവയില്‍ ഉള്‍പ്പെടും. റിസോര്‍ട്ട് ഉടമകളുടെ ചെലവിലാണ് പൊളിക്കുന്നത്. പൊളിച്ച സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ഉടമകള്‍ കരാര്‍ നല്‍കിയതായാണ് വിവരം. അവശിഷ്ടങ്ങള്‍ കായലിലേക്ക് വീണും മറ്റും പരിസര മലിനീകരണം പാടില്ലെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

 

Read Previous

സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

Read Next

വിഴിഞ്ഞം: സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍