‘ആളുകള്‍ മരിച്ച് വീഴുകയാണ്’; റിപ്പോര്‍ട്ടിങ്ങിനിടെ കണ്ണുനീരോടെ മാധ്യമപ്രവര്‍ത്തകന്‍

കോവിഡ് വ്യാപനം അതിരൂക്ഷമായ ഉത്തര്‍പ്രദേശില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നിറഞ്ഞ കണ്ണുകള്‍ തുടച്ച് മാധ്യമപ്രവര്‍ത്തകന്‍. ആശുപത്രികള്‍ രോഗികളെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണെന്നും, ആളുകള്‍ മരിച്ച് വീഴുകയാണെന്നും പറയവേയാണ് ഭാരത് സമാചാര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ക്യാമറക്ക് മുന്നില്‍ കണ്ണുനീര്‍ തുടച്ചത്. മുപ്പതിനായിരത്തിലധികം കോവിഡ് കേസുകളും 129 മരണങ്ങളുമാണ് 24 മണിക്കൂറിനിടെ യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

‘രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയാണ്. മുഖ്യമന്ത്രി ഫോണ്‍ ഓഫ് ചെയ്ത് കടന്നു കളഞ്ഞത് പോലെയാണ്. ഉത്തരവാദപ്പെട്ട ആരെയും വിളിച്ചിട്ട് ലഭ്യമല്ല. ഓക്‌സിജന്‍ ദൗര്‍ലബ്യമുണ്ട്. സാധാരണക്കാര്‍ അവരുടെ ഉറ്റവര്‍ വേദനിക്കുന്നതും മരിച്ച് പോകുന്നതും കണ്ടുകൊണ്ടിരിക്കുകയാണ്’ എന്നിങ്ങനെയാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്.

അതിനിടെ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് കേസുകള്‍ രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1619 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ ഒന്നരക്കോടിയിലേറെപ്പേരാണ് ചികിത്സയിലുള്ളത്.

Read Previous

കോവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സൈദ്ധാന്തികന്‍ കോവിഡ് ബാധിച്ച് മരിച്ചു

Read Next

മന്‍മോഹന്‍ സിംഗിന് കോവിഡ്