ഹോട്ടലുടയുടെ കൊലപാതകം: അട്ടപ്പാടി ചുരത്തില്‍ രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തി

കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അട്ടപ്പാടി ചുരം ഒന്‍പതാം വളവിന് താഴെ കൊക്കയില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ബാഗുകള്‍. ബാഗുകളില്‍ ഒന്ന് പാറക്കൂട്ടത്തിനിടയിലും മറ്റൊന്ന് വെള്ളത്തിലുമാണുള്ളത്. ഒന്‍പതരയോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ബാഗുകള്‍ പരിശോധിക്കും.

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ എഴൂര്‍ മേച്ചേരി വീട്ടില്‍ ബീരാന്റെ മകന്‍ സിദ്ദിഖ് (58) കൊല്ലപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഹോട്ടലില്‍ ജോലിചെയ്തിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫര്‍ഹാന (18) എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനായി മലപ്പുറത്തുനിന്നുള്ള പോലീസ് സംഘം ചെന്നൈയിലേക്ക് പോയിട്ടുണ്ട്.

സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അട്ടപ്പാടി ചുരത്തില്‍നിന്ന് ബാഗുകള്‍ കണ്ടെത്തിയിരിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് ഷിബിലി ഹോട്ടലില്‍ പണിക്കെത്തിയതെന്ന് ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സ്വഭാവ ദൂഷ്യം കാരണം പിന്നീട് ഇയാളെ പറഞ്ഞുവിടുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.

ഈ മാസം 24 മുതല്‍ സിദ്ദിഖിനെ കാണാനില്ലായിരുന്നുവെന്നു മകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരാഴ്ചമുമ്പ് വീട്ടില്‍നിന്ന് പോയ സിദ്ദിഖ് തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫുമായി. അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചതായി മകന് സന്ദേശം കിട്ടിയതോടെ സംശയംതോന്നി തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിനടുത്ത ലോഡ്ജില്‍ മുറിയെടുത്തതായി കണ്ടെത്തിയത്. ഇവിടെ ഷിബിലിയും ഫര്‍ഹാനയും മറ്റൊരു മുറിയെടുത്തതായും കണ്ടെത്തി. ഇവര്‍ ബാഗുമായി പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പോലീസ് കണ്ടെത്തി.

ഹോട്ടലുടയുടെ കൊലപാതകം: അട്ടപ്പാടി ചുരത്തില്‍ രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തി
Vinkmag ad

Read Previous

ഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി ചുരത്തില്‍ ഉപേക്ഷിച്ചു; ജീവനക്കാരനും യുവതിയും പിടിയില്‍

Read Next

‘മൃതദേഹം വേണ്ട മരണസര്‍ട്ടിഫിക്കറ്റ് മതി’; ദുബൈയില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം

Most Popular