അട്ടപ്പാടി ചുരം വളവില്‍ നിന്നും കണ്ടെത്തിയ ട്രോളി ബാഗുകളിലുള്ളത് മൃതദേഹാവശിഷ്ടങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹം തന്നെയാണെന്ന് മകന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തായത്.
തിരൂര്‍ സ്വദേശിയായ സിദ്ദീഖ്(58)നെയാണ് കൊലപ്പെടുത്തിയത്. കോഴിക്കോട് ചിക്ക് ബേക്ക് എന്ന ഹോട്ടല്‍ നടത്തുകയായിരുന്നു സിദ്ദീഖ്. നഗരത്തില്‍ താമസിച്ച് കച്ചവടം നടത്തുന്നയാളാണ് ഇയാള്‍. സിദ്ദീഖിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകന്‍ തിരൂര്‍ പൊലീസില്‍ മിസിങ് കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി കണ്ടെത്തി. പിന്നീട് ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനെ കാണാതായതും ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കോഴിക്കോടുള്ള ഒരു ഹോട്ടലില്‍ വെച്ച് സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും(22) പെണ്‍സുഹൃത്ത് ഫര്‍ഹാനയും(18) സിദ്ദീഖിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

