വ്യാപാരിയെ കൊന്ന് ട്രോളി ബാഗിലാക്കി ചുരത്തില്‍ തള്ളിയ കേസില്‍ ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചെന്നൈയില്‍ നിന്ന് അറസ്റ്റിലായ ഫര്‍ഹാനയുടെ സുഹൃത്ത് ആഷിഖിനെയാണ് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടക്കുന്ന സമയത്ത് ആഷിഖ് കോഴിക്കോട്ടെ ഹോട്ടലില്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പണം പിന്‍വലിക്കുമ്പോഴും ആഷിഖിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇതോടെ കേസില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആഷിഖിനെ മൃതദേഹം ഉപേക്ഷിച്ചെന്ന് കരുതുന്ന അട്ടപ്പാടി ചുരത്തിലേക്ക് പൊലീസ് കൊണ്ടുപോകുന്നുണ്ട്.മൃതദേഹം ഉപേക്ഷിച്ചെന്ന് കരുതുന്ന ട്രോളി ബാഗ് പുറത്തെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
പിടിയിലായ ഹോട്ടലിലെ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും പെണ്‍സുഹൃത്ത് 18 വയസ്സുകാരിയായ ഫര്‍ഹാനക്കും വേറെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ സിദ്ധിഖിന്റെ ബന്ധുക്കളും സംശയം പറഞ്ഞിരുന്നു.
ഈ മാസം 18 നാണ് തിരൂര്‍ സ്വദേശിയായ സിദ്ധീഖ് ഒടുവില്‍ വീട്ടില്‍ നിന്ന് പോയത്.അന്ന് വൈകീട്ട് മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. സിദ്ദീഖിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഷിബിലിയെയും ഫര്‍ഹാനയെയും പിടികൂടിയത്.

