ഒന്നില്‍ കൂടുതല്‍ ലൈംഗീക പങ്കാളികളുള്ളതില്‍ മുന്നില്‍ ഹിന്ദു പുരുഷന്മാര്‍; സര്‍വേ റിപ്പോര്‍ട്ട്

രാജ്യത്ത് ഒന്നില്‍ കൂടുതല്‍ പങ്കാളികളുള്ളതില്‍ മുന്നില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള പുരുഷന്മാരെന്ന് റിപ്പോര്‍ട്ട്. സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, മുസ്ലിം വിഭാഗക്കാരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്) യുടെ അഞ്ചാമത് റിപ്പോര്‍ട്ട് പ്രകാരം ഹിന്ദു വിഭാഗക്കാരുടെ ജീവിതകാലത്തെ ലൈംഗിക പങ്കാളികളുടെ ശരാശരി എണ്ണം 2.2 ആണ്. സിഖ്, ക്രിസ്ത്യന്‍ (1.9), ബുദ്ധ, മുസ്ലിം (1.7) എന്നിങ്ങനെയാണ് ശരാശരി ലൈംഗിക പങ്കാളികളുടെ കണക്ക്. ഏറ്റവും കുറവ് നിരക്ക് ജൈനമതക്കാര്‍ക്കിടയിലാണ്, 1.1. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവരും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുമായ ആളുകള്‍ക്ക് എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിക്കാനുള്ള അപകട സാധ്യത വളരെ കൂടുതലാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രത്തിനു വേണ്ടി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് ആണ് സര്‍വേ സംഘടിപ്പിച്ചത്. എന്‍എഫ്എച്ച്എസ്- നാലിന്റെ (2015-16) കണക്കുകള്‍ പ്രകാരം ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുള്ള പുരുഷന്മാരില്‍ മുന്നില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു, 2.4. ബുദ്ധ, മുസ്ലിം (2.1), ഹിന്ദു (1.9) എന്നിങ്ങനെയായിരുന്നു കണക്ക്. അതേസമയം ഒന്നിലധികം പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള പുരുഷന്മാര്‍ക്കിടയിലെ പ്രവണത എന്‍എഫ്എച്ച്എസ്- നാല് കാലയളവില്‍ 1.9 ആയിരുന്നത് പുതിയ സര്‍വേയില്‍ 2.1 ആയി ഉയര്‍ന്നു.

ഭാര്യയ്ക്കു പുറമെ മറ്റ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് 7.8 ശതമാനം ബുദ്ധമത വിഭാഗക്കാരും ഉണ്ടെന്നാണ് മറുപടി നല്‍കിയത്. സിഖ് (ആറ് ശതമാനം), ഹിന്ദു (നാല്), ക്രിസ്ത്യന്‍ (3.8), മുസ്ലിം(2.6) എന്നിങ്ങനെയാണ് കണക്ക്. രാജ്യത്തെ നാല് ശതമാനം പുരുഷന്മാരും ഭാര്യയ്ക്കും ലിവ് ഇന്‍ പങ്കാളിക്കും പുറമെ മറ്റ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സര്‍വേ കണ്ടെത്തി.

ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുള്ളവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ്. ഒന്നിലധികം പേരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മുസ്ലിം വിഭാഗക്കാരാണെന്ന് നേരത്തെയുള്ള ഒരു സര്‍വേ വ്യക്തമാക്കിയിരുന്നു. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള 64.1 ശതമാനം പേര്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുമ്പോള്‍ ഹിന്ദു (60.2), ബുദ്ധ (58.2), ക്രിസ്ത്യന്‍സ് (44.7) എന്നിങ്ങനെയാണ് കണക്ക്.

 

Read Previous

ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും താന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Read Next

Fact Checking Policy