കുറ്റ്യാടിയില്‍ റെഡിമെയ്ഡ് ഷോപ്പില്‍ ഗുണ്ടാ ആക്രമണം, മൂന്ന് പേര്‍ക്ക് പരിക്ക്

കുറ്റ്യാടി ടൗണില്‍ വസ്ത്ര വ്യാപാരക്കടയില്‍ ഗുണ്ടാ ആക്രമണം. വയനാട് റോഡിലെ ഡിപ്ലെ എന്ന കടയിലാണ് മാരകായുധങ്ങളുമായി എത്തിയ ആറംഗസംഘം അക്രമം നടത്തിയത്. ജീവനക്കാരന്‍ അടുക്കത്ത് കെ.കെ. മുഹമ്മദ്, സാധനം വാങ്ങാനെത്തിയ നാഫി, നാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

മുഖംമൂടി അണിഞ്ഞെത്തിയ സംഘത്തില്‍പെട്ട രണ്ടു പേര്‍ കൊന്നുകളയുമെന്ന ആക്രോശവുമായി ജീവനക്കാരനെയാണ് ആദ്യം ആക്രമിക്കുന്നത്. അക്രമി സംഘത്തിലെ ഒരാള്‍ അരയില്‍ നിന്നെടുത്ത ആയുധം കൊണ്ട് ആഞ്ഞടിക്കുന്നത് കാണാം. കടയില്‍ വസ്ത്രം വാങ്ങാനെത്തിയ രണ്ട് യുവാക്കളെയും മര്‍ദിച്ചു. തന്നെ സാനിറ്റൈസറിന്റെ കുപ്പിയെടുത്ത് എറിഞ്ഞതായി യുവാവ് പറഞ്ഞു.

അക്രമങ്ങള്‍ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുണ്ടാ സ്‌റ്റൈലില്‍ തന്നെയായിരുന്നു ഇവരുടെ വേഷവിധാനങ്ങള്‍. സംഘത്തിലൊരാള്‍ മുഖംമൂടി അണിഞ്ഞിരുന്നില്ലെന്നും അയാളെ തനിക്ക് കണ്ടാലറിയാമെന്നും ജീവനക്കാരന്‍ പറഞ്ഞു. താനോ കടയുടമയുമായോ ആര്‍ക്കും പ്രശ്‌നമില്ലെന്നാണ് ഇയാള്‍ പറഞ്ഞത്.

കുറ്റ്യാടി സി.ഐ ടി. പി. ഫര്‍ഷാദും സംഘവും കടയിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പ്രതിഷേധിച്ചു. കട സന്ദര്‍ശിച്ച നേതാക്കള്‍ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കുറ്റ്യാടിയില്‍ പ്രകടനം നടത്തി.

Read Previous

അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല: ഫോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കില്ലെന്ന് ദിലീപ്

Read Next

യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്