പാലക്കാട് വേട്ടനായ്ക്കളുമായി ആയുധങ്ങള്‍ കൈയിലേന്തി നീങ്ങുന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍, ജനങ്ങള്‍ ഭീതിയില്‍

പാലക്കാട് വേട്ട നായ്ക്കളുമായി ആറുപേരടങ്ങുന്ന യുവാക്കളുടെ സംഘം രാത്രിയില്‍ നടന്നു നീങ്ങുന്നതിന്റെ സിസി ടിവി ദൃശ്യം ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. സംഘത്തിന്റെ കൈകളില്‍ ആയുധങ്ങളും ഉണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് നായാട്ട് സംഘം സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ആറ് പേരും നായ്ക്കളുമാണ് ജൂലായ് 25 ലെ സിസിടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.

കാഞ്ഞിരപ്പുഴ ശിരുവാണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മധുക്കരൈയില്‍ ആയുധവുമായി മോഷ്ടാക്കളെത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. എന്നാല്‍ കാഞ്ഞിരപ്പുഴയിലേത് നായാട്ടുസംഘമാണെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ആറുപേരടങ്ങുന്ന സംഘം നായ്ക്കളുമായി രാത്രിയില്‍ നടുറോഡിലൂടെ പോവുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. സംഘത്തെ ചിലര്‍ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ല. സംഘത്തിലെ എല്ലാവരുടെ കയ്യിലും ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഇതിനാല്‍ ആക്രമിക്കപ്പെടുമോയെന്ന ഭയമായിരുന്നു നാട്ടുകാര്‍ക്കുണ്ടായിരുന്നത്. പല തവണ ഇവരെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കാഞ്ഞിരപ്പുഴ ഇറിഗേഷന്‍പദ്ധതിയുടെ ഭാഗമായ സ്ഥലത്ത് ഉപേക്ഷിച്ച കെട്ടിടങ്ങളുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് അജ്ഞാത സംഘത്തിന്റെ പ്രവര്‍ത്തനമെന്നും പ്രദേശവാസികള്‍ പറയുന്നു.

 

Read Previous

മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ യുഎഇ

Read Next

രാജ്യത്തെ വികസനം തടയാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്ന് പ്രധാനമന്ത്രി