ക്രിസ്തുവിന്റെ രൂപം കാട്ടി ആണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ പീഡിപ്പിച്ചു; കത്തോലിക്കാ സഭയിലെ വൈദികരും കന്യാസ്ത്രീകളും പീഡിപ്പിച്ചത് 3,30,000 കുട്ടികളെ

കത്തോലിക്കാ സഭയിലെ വൈദീകരും കന്യാസ്ത്രീകളും കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയതതിന്റെ കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ഏകദേശം 3,30,000 കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചതെന്നാണ് ”നിശബ്ദതയുടെ മുഖപടം” കൊണ്ട് മറയ്ക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു സ്വന്തന്ത്ര കമ്മീഷന്‍ രണ്ടുവര്‍ഷത്തോളം നടത്തിയ അന്വേഷണങ്ങളുടെ 2,500 പേജ് വരുന്ന റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവിട്ടത്.

പീഡനത്തിനിരയായ മേരി എന്ന പെണ്‍കുട്ടി പറഞ്ഞത് അവര്‍ക്ക് 11 വയസ്സുള്ളപ്പോഴാണ് ആദ്യമായി പീഡനത്തിനിരയായത് എന്നാണ്. വീട്ടില്‍ ഇക്കാര്യം പറഞ്ഞെങ്കിലും ഒരു കന്യാസ്ത്രീ ഈ വിധം പെരുമാറുമെന്ന് വിശ്വസിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്നും അവര്‍ പറയുന്നു. ഒരുവര്‍ഷത്തോളം ഈ പീഡനം തുടര്‍ന്നതായും മേരി പറഞ്ഞു. ധാരാളം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇരകളായവരില്‍ 80 ശതമാനവും 10 നും 13 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കന്യാസ്ത്രീകളും കുട്ടികളെ പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ക്രൂശിതന്റെ രൂപം ഉപയോഗിച്ചായിരുന്നു കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തിരുന്നതും ആണ്‍കുട്ടികളെ തങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നതും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരകള്‍ അനുഭവിച്ച വേദനകള്‍ക്ക് ഖേദം രേഖപ്പെടുത്തിയ പോപ്പ് ഫ്രാന്‍സിസ്, അനുഭവിച്ച ക്രൂരതകള്‍ തുറന്നു പറയാന്‍ ഇരകള്‍ കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു. 1950 നും 2020 നും ഇടയിലായി 3,30,000 കുട്ടികളാണ് ഫ്രഞ്ച് കത്തോലിക്കസഭയില്‍ പീഡനത്തിനിരയായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

1993-ല്‍ കേവലം 13 വയസ്സുള്ളപ്പോള്‍ ഒരു പുരോഹിതനാല്‍ പീഡിപ്പിക്കപ്പെട്ട ഒലിവിയര്‍ സാവിഗ്നാക്, പീഡിപ്പിക്കപ്പെട്ടവരുടെ പ്രതിനിധിയായി ധാരാളം വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. താന്‍ വളരെ നല്ല ഒരു വ്യക്തിയാണെന്ന് കരുതി ബഹുമാനിച്ച ഒരു പുരോഹിതന്‍ തന്നെയാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ഇയാള്‍ പറയുന്നു. വര്‍ഷങ്ങളോളം ഈ പീഡനം തുടര്‍ന്നതായും അത് തന്നെ മാനസികമായി ഏറെ തളര്‍ത്തിയതായും ഇയാള്‍ പറയ്ഹുന്നു. ഇത്രയധികം കുട്ടികള്‍ പുരോഹിതന്മാരാലും കന്യാസ്ത്രീകളാലും പീഡിപ്പിക്കപ്പെട്ടു എന്നത് സഭയുടെ മൂല്യച്യുതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അയാള്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

ഇരകളുടെ ഭാഷ്യങ്ങള്‍ക്കൊപ്പം ശാസ്ത്രീയ വിശകലനങ്ങളുടെ ഫലങ്ങളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണ കമ്മീഷന്‍ പ്രസിഡണ്ട് ജീന്‍-മാര്‍ക്ക് സോവെ പറഞ്ഞു. പീഡനത്തിനിരയായ 3,30,000 കുട്ടികളില്‍ 2,16,000 പേര്‍ പീഡിപ്പിക്കപ്പെട്ടത് പുരോഹിതന്മാരാലും കന്യാസ്ത്രീകളാലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിയുള്ളവര്‍ക്ക് പീഡനമേറ്റത് പള്ളികളിലുംഅനുബന്ധ ആരാധനാലയങ്ങളിലും മറ്റു തസ്തികള്‍ വഹിക്കുന്നവരില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പീഡിപ്പിക്കപ്പെട്ട കുട്ടികളില്‍ 86 ശതമാനത്തോളം ആണ്‍കുട്ടികളാണ്. ഇവരില്‍ ഭൂരിഭാഗവും കത്തോലിക്ക സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും പഠിക്കുമ്പോഴാണ് പീഡനത്തിന് ഇരയായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പലരും പതിറ്റാണ്ടുകളോളം പീഡനവിവരം രഹസ്യമാക്കി സൂക്ഷിച്ചു. ഇതോടൊപ്പം 3,000 ബാലപീഡകരുടെ പേരും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടു പേരും പുരോഹിതന്മാരാണ്. വളരെ വ്യ്ഹാപകമായ രീതിയില്‍ തന്നെയായിരുന്നു ഫ്രഞ്ച് കത്തോലിക്ക സഭയില്‍ ബാലപീഡനം നടന്നിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിശബ്ദതയുടെ മുഖപടം എന്ന് ഓമനപേരിട്ട് വിളിച്ച ഒരു പ്രതിഭാസമായിരുന്നു പതിറ്റാണ്ടുകളോളം ഈ വിവരം പുറത്തുവരാതെ സൂക്ഷിച്ചത്.

നിയമജ്ഞര്‍, ഡോക്ടര്‍മാര്‍, ചരിത്രകാരന്മാര്‍, സാമൂഹ്യ ശാസ്ത്രജ്ഞര്‍, ദൈവശാസ്ത്രജ്ഞര്‍ എന്നിവരടങ്ങിയ 22 അംഗ കമ്മീഷന്‍ രണ്ടരവര്‍ഷത്തെ അന്വേഷണത്തിനും വിശകലനങ്ങള്‍ക്കും ഒടുവിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1950 മുതല്‍ക്കുള്ള പള്ളി രേഖകള്‍, കോടതി, പൊലീസ്, മാധ്യമങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി കമ്മീഷന്‍ വിശദമായി പരിശോധിച്ചിരുന്നു. രണ്ടായിരാമാണ്ടിന്റെ ആരംഭം വരെ ഫ്രാന്‍സിലെ കത്തോലിക്ക പള്ളി വളരെ ക്രൂരമായ സമീപനമായിരുന്നു ഇരകളോട് സ്വീകരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഇതില്‍ ഇനിയും പ്രോസിക്യുഷന്‍ സാധ്യമാകുന്ന 22 കേസുകള്‍ പ്രോസിക്യുട്ടേഴ്‌സിന് അയച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍, കാലപ്പഴക്കം കൊണ്ട് വിചാരണയ്‌ക്കെടുക്കാന്‍ കഴിയാത്ത 40 കേസുകളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന പ്രതികളുടെ മേല്‍ നടപടിയെടുക്കാന്‍ സഭയ്ക്ക് അയച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള 45 നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ബെര്‍നാര്‍ഡ് പ്രെയ്‌നാറ്റ് എന്ന പുരോഹിതനെ കഴിഞ്ഞവര്‍ഷം ബാലപീഡന കുറ്റത്തിന് കോടതി അഞ്ചുവര്‍ഷത്തെ ശിക്ഷക്ക് വിധിച്ചതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തുവരുന്നത്. 75-ല്‍ അധികം ആണ്‍കുട്ടികളേയായിരുന്നു ഈ പുരോഹിതന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്

 

Read Previous

പ്രിയങ്കയുടെ അറസ്റ്റില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ് ; രാഹുല്‍ ഗാന്ധി യു.പിയിലേക്ക്‌

Read Next

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ വര്‍ധന