കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചിരുന്നു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. എന്നാൽ സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുകയാണ്, കരുതി കൂട്ടി ഉണ്ടാക്കിയ തീപിടിത്തം ആണിത് എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തുകേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ഈ തീപിടുത്തം എന്ന് പ്രതിപക്ഷം പറയുന്നു, . സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്ന് കരിദിനം ആചരിക്കുകയാണ്. ബി.ജെ.പിയും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
അതിനിടെ സംഭവത്തില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു. ദുരന്തനിവാരണവിഭാഗവും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. തീപിടുത്തം വലിയ വിവാദത്തിലേക്ക് എത്തിയ സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട്, ഇന്നലെ തന്നെ അന്വേഷണ സംഘത്തെയും പ്രഖ്യാപിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണവും അട്ടിമറി ശ്രമമുണ്ടായോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.
ദുരന്തനിവാരണവിഭാഗം കമ്മീഷണര്‍ ഡോ. എ. കൗശിഗന്റെ നേത്വത്തിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.നാശനഷ്ടങ്ങളെ കുറിച്ചും ഏതൊക്കെ ഫയലുകള്‍ നഷ്ടപ്പെട്ടുവെന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈ സംഘം അന്വേഷിക്കുക. സംഭവത്തില്‍ ഹൗസ് കീപ്പിങ് വിഭാഗം പൊതു ഭരണവകുപ്പ് സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കവാടത്തിലും സ്‌ട്രൈക്കര്‍ ഫോഴ്‌സിനെ വിന്യസിച്ചു.
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥരുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങള്‍, വി.വി.ഐ.പി.കളെ നിര്‍ണയിക്കുന്ന ഫയലുകള്‍, അതിരഹസ്യ സ്വഭാവമുള്ള രേഖകള്‍ എന്നിവ സൂക്ഷിക്കുന്ന ഇടങ്ങളിലായിരുന്നു തീപ്പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം.പ്രോട്ടോകോള്‍ ഓഫീസില്‍ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. എ.സിയുടെ ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രതികരിച്ചു.
