ഫാസിസ്റ്റ് ഭരണവും ; മാധ്യമ സ്വാതന്ത്ര്യവും റീന ഫിലിപ്പ് എഴുതുന്നു

ഫാസിസ്റ്റുകള്‍ക്കും ഏകാധിപതികള്‍ക്കും എന്നും അവശ്യം അവരുടെ അജണ്ടകളോട് കൂറ് പുലര്‍ത്തി അതിനെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെയാണ്.അത് മുസോളിനിയുടെ ഇറ്റലിയില്‍ ആയാലും ഹിറ്റ്‌ലറുടെ ജര്‍മ്മനിയില്‍ ആയാലും ഏര്‍ദോഗന്റെ തുര്‍ക്കിയില്‍ ആയാലും നരേന്ദ്ര മോഡിയുടെ ഇന്ത്യയില്‍ ആയാലും അങ്ങിനെ തന്നെയാണ്.അതിനര്‍ത്ഥം ജനാധിപത്യം ഉദ്‌ഘോഷിക്കുന്ന അമേരിക്ക പോലെ ഉള്ള രാജ്യങ്ങളില്‍ പരമമായ മാധ്യമ സ്വാതന്ത്ര്യമുണ്ട് എന്നല്ല.അവിടെയും സാമ്രാജ്യത്ത – കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ തന്നെയാണ് മാധ്യമങ്ങളുടെ മുന്‍ഗണന തീരുമാനിക്കുന്നത്.അവിടെയൊക്കെ നിയന്ത്രണങ്ങള്‍ കുറച്ച് കൂടി തന്ത്രപരമായി നടപ്പിലാക്കുന്നു എന്ന് മാത്രം.

ഫാസിസം അവരോട് പ്രതിബദ്ധത പുലര്‍ത്തുന്ന മാധ്യമങ്ങളെ സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയായി ചെയ്യുന്നത് ദേശീയതയെ നിര്‍വചിക്കുക എന്നതാണ്.ദേശസ്‌നേഹം എന്നതിനെ ഭരണകൂട താല്‍പര്യം എന്നാക്കി മാറ്റുമ്പോള്‍ അതിനു എതിരെ നില്‍ക്കുന്നതൊക്കെ ദേശവിരുദ്ധമായി മാറും. ആ നിര്‍വചനത്തിന് ഉള്ളില്‍ ഒതുങ്ങാത്ത ‚ഭരണകൂടം സൃഷ്ടിക്കുന്ന ഉപാധികള്‍ നിന്നും വ്യതിചലിക്കുന്ന എന്തിനെയും ഫാസിസം ഒന്നുകില്‍ വരുതിയില്‍ വരുത്തുകയോ അല്ലെങ്കില്‍ ഇല്ലായ്മ ചെയ്യുകയോ ചെയ്യും.

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം മൗലിക അവകാശമായി തന്നെ ഉറപ്പ് നല്‍കുന്ന ഒരു ഭരണഘടനക്ക് കീഴില്‍ ഭരണം നടത്താന്‍ നിര്‍ബന്ധിതരായത് കൊണ്ട് തന്നെ ബി ജെപി ക്ക് മാധ്യമങ്ങളെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ കൊണ്ട് വരുന്നതിനു പരിമിതികള്‍ ഉണ്ട്.എന്നിട്ട് പോലും അവരുടെ ഫാസിസ്റ്റ് നയങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും മാധ്യമങ്ങളില്‍ പിടിമുറുക്കുകയാണ്.

സംഘ പരിവാര്‍ ഭരണകൂടം തങ്ങളുടെ നയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു കൂട്ടം ‘ പ്രതിബദ്ധരായ’ മാധ്യമങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്.ടൈംസ് നൗ,സീ ന്യൂസ്,റിപ്പബ്ലിക്ക് ടി വി, ആജ് തക് , എ ബി പി ന്യൂസ്, സുദര്‍ശന്‍ ന്യൂസ് തുടങ്ങിയ ‘ ഗോഡി മീഡിയ ‘ എന്ന് അറിയപ്പെടുന്ന പത്രങ്ങളും ചാനലുകളും ഭരണകൂട താല്‍പര്യങ്ങളെ സേവിക്കുക എന്ന ദൗത്യം കൃത്യമായി തന്നെ നിര്‍വഹിക്കുന്നവരാണ്.

വ്യാജവും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതുമായ വാര്‍ത്തകള്‍ സൃഷ്ടിക്കുക, ബിജെപി സര്‍ക്കാരിന്റെ ‘നേട്ടങ്ങളെ ‘ പെരുപ്പിച്ചു കാണിക്കുക,ന്യൂന പക്ഷങ്ങള്‍,ദളിതര്‍,ആക്ടിവിസ്റ്റുകള്‍, ഇടതു പാര്‍ട്ടികള്‍ തുടങ്ങി ഹിന്ദുത്വ താല്‍പര്യങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന ആരെയും ദേശ ദ്രോഹികളാക്കി മുദ്ര കുത്തുക ‚ഇങ്ങനെയൊക്കെയാണ് ഈ മാധ്യമങ്ങള്‍ ഭരണകൂട അജണ്ടകള്‍ നടപ്പിലാക്കുന്നത് .

ഇന്ത്യയില്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ഇവിടെ നടന്ന ചില പ്രധാന സംഭവങ്ങള്‍ ഈ മാധ്യമങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്തു എന്ന് നോക്കിയാല്‍ മതി ഇവരുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍.

കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞു മാധ്യമങ്ങളെ നിരോധിക്കുകയും ഫോണ്‍ ‚ഇന്റര്‍നെറ്റ് ബന്ധം ഉള്‍പ്പെടെ വിച്ഛേദിച്ചു ആ ജനതയെ അക്ഷരാര്‍ഥത്തില്‍ ബന്ദികള്‍ ആക്കിയപ്പോള്‍ അവിടെ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഈ ഗോഡി മീഡിയ മൂടി വെക്കുകയാണ് ഉണ്ടായത്.അത് പോലെ തന്നെ സി എ എ ക്ക് എതിരെ സമാധാനപരമായി സമരം ചെയ്ത പ്രതിഷേധക്കാരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് നേരിട്ട രീതിയെ ഇവര്‍ ന്യായീകരിക്കുകയാണ് ഉണ്ടായത് .ഷഹീന്‍ ബാഗ് സമരക്കാരെ ജിന്ന – പാകിസ്താന്‍ പ്രേമികള്‍ , ഹിന്ദു വിരോധികള്‍ എന്നൊക്കെയാണ് റിപ്പബ്ലിക്ക് ടീ വിയുടെ അര്‍ണാബ് ഗോസ്വാമി വിശേഷിപ്പിച്ചത്. മറ്റു മാധ്യമങ്ങളും ഇതേ രീതിയില്‍ തന്നെയാണ് സമരത്തോട് പ്രതികരിച്ചത്.കര്‍ഷക സമരത്തെ മര്‍ദ്ദിച്ചു ഒതുക്കാന്‍ സര്ക്കാര് ശ്രമിച്ചപ്പോള്‍ അവരെ രാജ്യദ്രോഹികളാക്കി മുദ്ര കുത്തി ഇതേ മാധ്യമങ്ങള്‍ സര്‍ക്കാരിന് ഒപ്പം നിന്നു .

സര്‍ക്കാരിന്റെ അശാസ്ത്രീയമായ നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ ആയപ്പോള്‍ പുതിയ നോട്ടുകളില്‍ നാനോ ജിപിഎസ് ചിപ്പ് പിടിപ്പിച്ചിട്ടുണ്ട് ‚ഇത് നരേന്ദ്ര മോഡിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക് ആണ് എന്നൊക്കെ വാദിച്ച് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് എഡിറ്റോറിയലുകള്‍ എഴുതുകയും ചാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തതാണ് ഈ മീഡിയകള്‍ .സര്‍ക്കാരിന്റെ കോവിഡ് പ്രതിസന്ധി കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലുള്ള പരാജയം കാരണം ആയിരങ്ങള്‍ മരിച്ചു വീഴുകയും മുന്നൊരുക്കം ഇല്ലാത്ത ലോക്ക് ഡൗണിന്റെ ഫലമായി ലക്ഷങ്ങള്‍ വീടും തൊഴിലും നഷ്ടപ്പെട്ടു പലായനം നടത്തുകയും ചെയ്തപ്പോള്‍ ഇവര്‍ യഥാര്‍ത്ഥ മരണ സംഖ്യയും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ പരാജയവും മറച്ചു വെച്ച് ബിജെപിയെ വാഴ്ത്തുന്ന തിരക്കില്‍ ആയിരുന്നു.അതോടൊപ്പം തബ്ലീഗ് ജമാഅത്ത് കൊറോണ പരത്തി എന്നൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ ചമച്ചു വര്‍ഗീയത പരത്തി സര്‍ക്കാരിന്റെ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഉള്ള ശ്രമങ്ങളും മറുവശത്തും നടത്തിയിരുന്നു.

അങ്ങിനെ ഒരു വശത്ത് സര്‍ക്കാര്‍ ജിഹ്വയായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ പോറ്റി വളര്‍ത്തിയപ്പോള്‍ മറുവശത്ത് തങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന അഥവാ ഹിന്ദുത്വ അജണ്ടകള്‍ പ്രോത്സാഹിപ്പിക്കാത്ത മാധ്യമങ്ങള്‍ക്ക് മുകളില്‍ വിലക്ക് ഏര്‍പ്പെടുത്തുക എന്ന നയമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്.ഇവിടെ ഓര്‍ക്കേണ്ടത് ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് ഭരണഘടന മരവിപ്പിച്ചു അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തേണ്ടി വന്നു പത്ര സ്വാതന്ത്ര്യം ഹനിക്കാന്‍.എന്നാല്‍ നരേന്ദ്ര മോഡി അത് ചെയ്യുന്നത് ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്ന് തന്നെയാണ്.അതിനു ഉപയോഗിക്കുന്ന ആയുധമാണ് ‘രാജ്യസുരക്ഷ ‘ .

ഈയൊരു പശ്ചത്തലത്തിലാണ് സര്‍ക്കാര്‍ മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്കിനെ കാണാന്‍.രാജ്യസുരക്ഷക്ക് എതിരാണ് എന്ന കാരണം പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൈ കോടതി ആ നടപടിയെ താല്ക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.

മീഡിയാ വണ്‍ ജമാഅത്ത് ഇസ്ലാമിയുടെ ഉടമസ്ഥതയില്‍ ഉള്ള ഒരു ചാനല്‍ ആണ്. ആ രാഷ്ട്രീയത്തോട് വിയോജിപ്പ് ആവാം.പക്ഷേ സംഘ പരിവരാര്‍ ഭരണ കൂടം ആ ചാനലിനെ നിരോധിച്ചത് അത് ഒരു മുസ്ലിം മാനേജ്‌മെന്റെിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആയതു കൊണ്ട് മാത്രമാണ്.അത് കൊണ്ട് തന്നെ അതിനെ എതിര്‍ത്തു മീഡിയ വണ്ണിന് നിരുപാധികം പിന്തുണക്കേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്.

നിരോധനം എന്നത് ഇരു തല മൂര്‍ച്ചയുള്ള വാളാണ്.അത് ആര്‍ക്ക് നേരെയും എപ്പോള്‍ വേണമെങ്കിലും വരാം. നീ മുള്ളര്‍ പറഞ്ഞത് പോലെ ഇന്ന് നമ്മള്‍ അവര്‍ക്കൊപ്പം നിന്നില്ല എങ്കില്‍ നാളെ നമ്മളെ അന്വേഷിച്ചു ഫാസിസം വരുമ്പോള്‍ ഒപ്പം നില്‍ക്കാന്‍ ആരും ഉണ്ടാവില്ല .

 

Read Previous

പിണറായി വിജയന്റെ വിദേശയാത്രയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെന്‍ഷന്‍

Read Next

ഗൂഢാലോചന കേസ്: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച