തനിക്ക് വധഭീഷണി; പരാതിയുമായി കങ്കണ; പൊലീസ് കേസെടുത്തു

തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് പൊലീസ് സ്റ്റേഷനില്‍. ഹിമാചല്‍പ്രദേശിലെ സ്റ്റേഷനിലാണ് കങ്കണ പരാതി നല്‍കിയത്. കര്‍ഷക സമരത്തെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരിലാണ് തനിക്കുനേരെ വധഭീഷണിയെന്നും കങ്കണ പറയുന്നു.

എഫ്ഐആറിന്റെ പകര്‍പ്പ് പങ്കുവെച്ചു കങ്കണ റണാവത്ത് കുറിച്ചതിങ്ങനെ- ‘മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട്, രാജ്യദ്രോഹികളോട് ഒരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ചെയ്യരുത് എന്നാണ് ഞാന്‍ എഴുതിയത്. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ രാജ്യത്തിനുള്ളിലെ വഞ്ചകര്‍ക്ക് പങ്കുണ്ട്. പണത്തിനും ചിലപ്പോള്‍ സ്ഥാനത്തിനും അധികാരത്തിനും വേണ്ടി രാജ്യദ്രോഹികള്‍ ഭാരതാംബയെ അപകീര്‍ത്തിപ്പെടുത്തുന്നു. അവര്‍ ദേശവിരുദ്ധ ശക്തികളെ ഗൂഢാലോചനകളില്‍ സഹായിക്കുന്നു. എന്റെ വാക്കുകളെ ചൊല്ലിയാണ് വധഭീഷണി. ബതിന്‍ഡയിലെ ഒരു സഹോദരന്‍ എന്നെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള ഭീഷണികളെ ഞാന്‍ ഭയപ്പെടുന്നില്ല. ഭീഷണിക്കെതിരെ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാരും ഉടന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യമാണ് എനിക്ക് പരമപ്രധാനം. രാജ്യത്തിനായി എന്തു ത്യാഗത്തിനും ഞാന്‍ തയ്യാറാണ്. ഭയപ്പെടില്ല. രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് ഞാന്‍ രാജ്യദ്രോഹികള്‍ക്കെതിരെ തുറന്ന് സംസാരിക്കും.’

ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയോടും കങ്കണ റണാവത്ത് അഭ്യര്‍ഥിച്ചു- ‘നിങ്ങളും (സോണിയ ഗാന്ധി) ഒരു സ്ത്രീയാണ്, നിങ്ങളുടെ ഭര്‍ത്താവിന്റെ അമ്മ ഇന്ദിരാഗാന്ധി അവസാന നിമിഷം വരെ ഈ ഭീകരതയ്ക്കെതിരെ ശക്തമായി പോരാടി. അത്തരം തീവ്രവാദികളില്‍ നിന്നുള്ള ഭീഷണികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയോട് നിര്‍ദേശിക്കുക.’

വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഭീഷണികളെന്നും കങ്കണ റണവത്ത് ആരോപിച്ചു- ‘പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. എന്റെ ചില വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നു. ഭാവിയില്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, വിദ്വേഷത്തിന്റെ രാഷ്ട്രീയക്കാരാവും ഉത്തരവാദികള്‍.’

 

Read Previous

പ്രയാഗ്‌രാജ് കൂട്ടക്കൊല: ദളിത് യുവാക്കള്‍ കസ്റ്റഡിയില്‍ ;അറസ്റ്റ് ചെയ്ത സവര്‍ണ യുവാക്കളെ വിട്ടയച്ച് യു.പി പൊലീസ്‌

Read Next

മുല്ലപ്പെരിയാര്‍ ഡാമിന്റെ കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു; പെരിയാറില്‍ ജലനിരപ്പ് കൂടി, അഞ്ചു വീടുകളില്‍ വെള്ളം കയറി