മരിച്ചതോ കൊന്നതോ…?

യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത

2021 ജൂലൈ ആറാം തീയതിയിലെ പ്രമുഖ ദിനപത്രങ്ങളെല്ലാം മുന്‍പേജില്‍ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ശ്രദ്ധേയമായിരുന്നു. ഒന്നില്‍ ‘മരിച്ചു’ എന്നും മറ്റൊന്നില്‍ ‘ജീവനെടുത്തു’ എന്നും ഇനി ഒന്നില്‍ ‘രക്തസാക്ഷ്യം’ എന്നുമായിരുന്നു. ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്തവിധം അര്‍ത്ഥതലങ്ങളുള്ള ഒരു സംഭവത്തെക്കുറിച്ചുള്ള, മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ തലേന്ന് ജീവിതം അവസാനിച്ച സ്റ്റാന്‍ സ്വാമി എന്നറിയപ്പെടുന്ന സ്റ്റാന്‍സ്ലാവോസ് ലൂര്‍ദ്ദ് സ്വാമിയെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു അത്. ഭരണകൂട ഭീകരതക്കിരയായ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടിരുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനം,

ഭീകരവാദം തുടങ്ങിയ ആരോപണങ്ങളാണ് എന്നത് ഈ സംഭവത്തിലെ വൈരുദ്ധ്യം. ആശുപത്രിയിലായിരുന്നു എങ്കിലും കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി മനുഷ്യാവകാശ ധ്വംസനത്തിന് കുപ്രസിദ്ധി നേടിയ എന്‍ഐഎ എന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ തടവുകാരനായിരുന്നു ഈ ക്രിസ്ത്യന്‍ ജസ്യൂട്ട് പുരോഹിതന്‍. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനനിരോധന നിയമമനുസരിച്ചാണ് അദ്ദേഹം 2020 ഒക്ടോബര്‍ എട്ടാം തീയതി തടവിലാക്കപ്പെടുന്നത്. അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട കുറ്റം പൂനയിലെ ശനിവാര്‍ വാടയില്‍ 2017 ഡിസംബര്‍ 31 ന് എല്‍ഗാര്‍ പരിഷത്ത് എന്ന പേരില്‍ നടത്തിയ ദളിത് സംഗമം പിറ്റേന്ന് ഭീമാ കൊറേഗാവില്‍ നടന്ന കലാപത്തിന് കാരണമായി എന്നും ഈ കലാപത്തിന് കമ്മ്യൂണിസ്റ്റ് ലെനിനിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടായിരുന്നു എന്നും അതിനായി ഇദ്ദേഹം ഉള്‍പ്പെടെ അനേകര്‍ പ്രചോദനം നല്‍കി എന്നതുമാണ്.

വിവിധ ആദിവാസി-ദളിത് സംഘടനകള്‍ സംയുക്തമായി നടത്തിയ ഈ സംഗമം ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഭീമാ കൊറേഗാവ് യുദ്ധവിജയത്തിന്റെ വാര്‍ഷികാചരണമായിരുന്നു. ഈ യുദ്ധമാകട്ടെ 1818 ജനുവരി ഒന്നാം തീയതി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാട്ട സംയുക്ത ഭരണത്തിന്റെ പെഷ്വാ ബജിരാവോ സൈന്യവും തമ്മിലുള്ളതായിരുന്നു. ബ്രിട്ടീഷ് ഭാഗത്ത് ദളിത് വിഭാഗമായ മഹര്‍ സമുദായവും ചേര്‍ന്നിരുന്നു. തീവ്ര ജാതിവിഭാഗീയതയും തീണ്ടലും പാര്‍ശ്വവല്‍ക്കരണവും നടപ്പാക്കിയിരുന്ന മറാട്ട ഭരണത്തിനെതിരെ ദളിതര്‍ പ്രതികരിച്ച രീതിയായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ച സഹായം, യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കുണ്ടായ വിജയം തങ്ങളുടെ സ്വാഭിമാനത്തിനു ലഭിച്ച വിജയമായിട്ടാണ് ദളിതര്‍ കണക്കാക്കിയത്. 1927 ജനുവരി ഒന്നിന് ബി ആര്‍ അംബേദ്കര്‍ ഭീമാ കൊറേഗാവ് സന്ദര്‍ശിക്കുകയും വാര്‍ഷികാചരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയുണ്ടായി.

2018ലെ വാര്‍ഷികാചരണത്തിന് 35000ല്‍ അധികം പേരാണ് സംബന്ധിച്ചത്. ഇവരല്ല കലഹത്തിന് കാരണം എന്നതിന് ഈ സംഖ്യ തന്നെയാണ് പ്രധാന തെളിവ്. ഇവര്‍ വിചാരിച്ചിരുന്നെങ്കില്‍ പൂനെ പട്ടണം മുഴുവന്‍ അസ്വസ്ഥബാധിതമാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ വിവാദമായ കലഹത്തില്‍ ഒരാള്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്ക് പറ്റുകയുമേ ഉണ്ടായിട്ടുള്ളൂ. ആചരണത്തിന് മുന്നോടിയായി തലേന്ന് ഏതാണ്ട് 250 വിഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് എല്‍ഗാര്‍ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ആലോചനാ യോഗം നടത്തിയിരുന്നു. ഇതില്‍ വിരമിച്ച ജഡ്ജിമാരായ ബി ജി കോള്‍ട്ടെ പാട്ടീല്‍, പി ബി സാവന്ത് എന്നിവരും ഗുജറാത്ത് നിയമസഭാംഗം ജിഗ്‌നേഷ് മേവാനിയും ഉണ്ടായിരുന്നു. ഈ സമ്മേളനത്തെ ഹൈ­­ന്ദവ സമൂഹങ്ങള്‍ സംശയത്തോടെയാണ് വീക്ഷിച്ചത്. എല്‍ഗാര്‍ പരിഷത്ത് നടത്തിയ റാലിയില്‍ സംബന്ധിച്ച നൂറ് കണക്കിനാളുകള്‍ ‘തങ്ങള്‍ ഒരിക്കലും ജാതിവെറിപൂണ്ടവര്‍ക്ക് വോട്ട് ചെയ്യില്ല’ എന്ന് പ്രതിജ്ഞ എടുത്തിരുന്നു. പതിവിന്‍പടി ജനുവരി ഒന്ന് ആചരണം എത്രയും സമാധാനപരമായിട്ടാണ് തുടങ്ങിയത്. പിറ്റേന്നത്തെ വാര്‍ത്താമാധ്യമങ്ങളെല്ലാം കലഹത്തിന്റെ ആരംഭമായി ചൂണ്ടിക്കാട്ടിയത് ദളിത് ജാഥക്ക് നേരെ ഒരുസംഘം നടത്തിയ കല്ലേറാണ്. തീവ്രഹിന്ദുത്വ വാദികളാണ് പ്രശ്‌നമുണ്ടാക്കിയത് എന്ന് എല്ലാ റിപ്പോര്‍ട്ടുകളും സാക്ഷ്യം പറഞ്ഞു.

സംഭവത്തിന്റെ പിറ്റേന്ന് തന്നെ, 2018 ജനുവരി രണ്ടിന്, ജാതിവെറിക്കെതിരെയുള്ള പോരാട്ടം നടത്തിയിരുന്നയാളും സംഭവത്തിന്റെ ദൃക്സാക്ഷിയുമായ അനിത സവാലെ, സമസ്ത ഹിന്ദു അനാദി പ്രസിഡന്റ് മിലിന്ദ് എക്‌ബോത്തേക്കും ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ നേതാവ് സംഭാജി ഭിദെക്കും എതിരെ ഇവരാണ് കലഹത്തിന്റെ സൂത്രധാരകര്‍ എന്നറിയിച്ച് പരാതി നല്‍കുകയും പൊലീസ് ഐപിസിയും ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് പ്രിവെന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ടും അനുസരിച്ച് ഒരു പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തിരുന്നു. പൊലീസ് എക്‌ബോത്തയെ അറസ്റ്റ് ചെയ്തു എങ്കിലും മാസങ്ങള്‍ക്കകം അയാള്‍ ജാമ്യത്തിലിറങ്ങി. ഭിദെ ഒരിക്കലും ചോദ്യം ചെയ്യപ്പെടുകപോലും ഉണ്ടായില്ല. അക്രമകാരികള്‍ ഈ രണ്ട് പേരുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഭീദെ പ്രവര്‍ത്തിച്ചിരുന്ന സാംഗ്ലിയില്‍ അന്വേഷിച്ചുചെന്ന പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗം അയാളുടെ സെക്രട്ടറി നിതിന്‍ ചൗളയുമായി സംസാരിച്ചതില്‍ ”ഗുരുജി” എന്ന് വിളിക്കപ്പെടുന്ന ഭിദെ സംസ്ഥാന മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് പോയിരിക്കുകയാണ് എന്ന വിവരം അറിഞ്ഞ് തിരികെ പോരുകയായിരുന്നു. ഈ കേസില്‍ തുടര്‍നടപടി ഒന്നുമുണ്ടാകാതെ ഫയല്‍ ഡിജിപിയുടെ ഓഫീസില്‍ വിശ്രമിക്കുകയാണ്.

ജനുവരി എട്ടിന് തുഷാര്‍ ദാംഗുദെ എന്നൊരാള്‍ എല്‍ഗാര്‍ പരിഷത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി. മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കബീര്‍ കലാമഞ്ചും ചേര്‍ന്ന് നടത്തിയ റാലിയില്‍ പ്രകോപനപരമായ ഗാനങ്ങളും നാടകവും, പ്രസംഗങ്ങളും പടര്‍ത്തിയ വിദ്വേഷാന്തരീക്ഷമാണ് ഭീമാ കൊറേഗാവ് പ്രശ്‌നത്തിന് കാരണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. നഗര മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് പൊലീസും എന്‍ഐഎയും പതിനാറ് പേരെ ഈ പരാതിയില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി. 2018 നവംബര്‍ 15 -ാം തീയതി മാത്രമാണ് വിഷയത്തില്‍ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബന്ധം ചേര്‍ത്ത് കേസ് വിപുലപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെപ്പോലും വകവരുത്താന്‍ ഇവര്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. 2018 ഏപ്രില്‍ 17-ാം തീയതി എട്ട് സാമൂഹിക പ്രവര്‍ത്തകരുടെ വീടുകള്‍ പൊലീസ് റെയ്ഡ് ചെയ്യുകയും ചിലരുടെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുക്കുകയും അവര്‍ക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തു. അവരില്‍ അഞ്ചുപേരെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം വീട്ടുതടങ്കലില്‍ ആക്കി. സ്റ്റാന്‍ സ്വാമിയും യുഎപിഎ കേസില്‍ പ്രതിയാക്കപ്പെട്ടു.

2019 അവസാനം മഹാരാഷ്ട്രയില്‍ പുതിയൊരു ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ രാഷ്ട്രീയമാറ്റം സംസ്ഥാന പൊലീസിന്റെ പരിധിയില്‍ നിന്നും എന്‍ഐഎയുടെ പൂര്‍ണ നിയന്ത്രണത്തില്‍ കേസ് എത്തിക്കുകയാണുണ്ടായത്; വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് എന്നപോലെ പുതിയ ഭരണകക്ഷിയും ഇതിനെ അനുകൂലിക്കുകയായിരുന്നു. 2020 ജനുവരി 24 ന് കേസിന്റെ നടത്തിപ്പ് പൂനയില്‍ നിന്നും മുംബൈയിലേക്ക് മാറ്റി. ഇതിനിടയില്‍ സ്വാമിയുടെയും മറ്റും കമ്പ്യൂട്ടറുകളിലേക്ക് അവര്‍ക്കെതിരെ ഉപയോഗിക്കാന്‍ പറ്റുന്ന വിവരങ്ങള്‍ പുറത്തുനിന്നും കൃത്രിമമായി തിരുകിക്കയറ്റുകയും ചെയ്തിരുന്നു.

2020 ജൂലൈ 25-ാം തീയതി സ്വാമിയെ അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടില്‍വച്ച് പതിനഞ്ച് മണിക്കൂറാണ് എന്‍ഐഎ ചോദ്യം ചെയ്തത്. തുടര്‍ന്ന് മുംബൈയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യവും തന്റെ രോഗാവസ്ഥയും വാര്‍ധക്യവുംമൂലം ദൂരയാത്ര സുരക്ഷിതമായിരിക്കില്ല എന്നറിയിച്ച അദ്ദേഹത്തെ ഒക്ടോബര്‍ എട്ടാം തീയതി റാഞ്ചിയിലെ വീട്ടില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത് മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി. തുടര്‍ന്നുനടന്ന കാര്യങ്ങളൊക്കെ മാധ്യമങ്ങള്‍ പൊതുജന മധ്യത്തില്‍ വിശദമാക്കിയിട്ടുള്ളതാണ്. ആശുപത്രി വാസം തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള ജാമ്യാപേക്ഷ തീയതി മാറ്റി മാറ്റി അവസാന വാദത്തിനെത്തിയപ്പോള്‍ സമര്‍പ്പിച്ചത് ഈ ലോകത്തില്‍ നിന്നും അതിന്റെ നീതിരഹിത വ്യവസ്ഥയില്‍നിന്നുമുള്ള സ്ഥിര ജാമ്യത്തിന്റെ റിപ്പോര്‍ട്ടായിരുന്നു. ഈ വിവരം കോടതിയെ അറിയിച്ചപ്പോള്‍ കോടതി അതീവ ദുഃഖവും നടുക്കവും രേഖപ്പെടുത്തിപോലും!

എന്നാല്‍ കോടതി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ നല്ലകാര്യങ്ങള്‍ എന്‍ഐഎയുടെ അപേക്ഷപ്രകാരം പിന്നീട് പിന്‍വലിച്ചു എന്നും വാര്‍ത്തയുണ്ട്. ഇതിനിടയില്‍ ശ്രദ്ധിക്കപ്പെടാതെപോയ കാര്യം 2018 ജനുവരി ഒന്നിന് നടന്ന അക്രമത്തിന്റെ യഥാര്‍ത്ഥ പ്രതികളായ സംഭാജി ഭിരെയും മിലിന്‍ഡ് എക്‌സ്‌ബോത്തെയും സുരക്ഷിതരും സ്വതന്ത്രരും ആയി കഴിയുന്നു എന്നതാണ്. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിന് കോടതിയില്‍ എന്‍ഐഎ നല്‍കിയ കാരണങ്ങളില്‍ ഒന്നില്‍പോലും ഭീമാ കൊറേഗാവ് സംഭവവുമായി അദ്ദേഹത്തിന് ബന്ധമുണ്ട് എന്ന് പറയുന്നില്ല. മറിച്ച് അദ്ദേഹം നക്‌സലൈറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഖാവാണ്, ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവും പങ്കാളിയുമാണ് എന്നൊക്കെയാണ് ആരോപണം. ഈ പാര്‍ട്ടിക്ക് 2018 ലെ സംഭവവുമായി എന്ത് ബന്ധമാണുണ്ടായിരുന്നത് എന്നതും കുറ്റാരോപണ രേഖയില്‍ പറയുന്നില്ല.

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്ന അന്വേഷണ വിഭാഗത്തെ ഏറെ സംശയത്തോടും ഏറെ തമാശയോടും കൂടിയേ വിലയിരുത്താന്‍ പറ്റു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പോയവാരം നടന്ന സംഭവം, മണിപ്പൂരിലെ ബിജെപി അധ്യക്ഷന്റെ മരണത്തിനുപിന്നാലെ ഗോമൂത്രവും ചാണകവും കോവിഡില്‍ നിന്നും മുക്തി നല്‍കില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മണിപ്പൂരി സാമൂഹികപ്രവര്‍ത്തകന്‍ എറന്ത്രോ ലിച്ചോംബാമിനെ ജയിലിലാക്കാനും എന്‍ഐഎ ഉപയോഗിച്ചത് ദേശീയ സുരക്ഷാ നിയമമാണ്. പിന്നീട് സുപ്രീം കോടതി വേണ്ടിവന്നു ഈ മനുഷ്യന്റെ രക്ഷയ്ക്ക്. അപ്പോഴും ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ അപേക്ഷിച്ചത്. എത്ര ജുഗുപ്‌സാവഹമായിട്ടാണ് സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് കുടപിടിക്കുന്ന വകുപ്പായി എന്‍ഐഎ തീരുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടക്ക് 320 കേസുകളാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി എന്‍ഐഎ രജിസ്റ്റര്‍ ചെയ്തത്. അതില്‍ ഒന്നാണ് ഇപ്പോഴും സജീവമായി നില്‍ക്കുന്ന ലക്ഷദ്വീപിലെ അയിഷാ സുല്‍ത്താനക്കെതിരെയുള്ള കേസ്. കേരളാ ഹൈക്കോടതി രക്ഷയ്‌ക്കെത്തിയിരുന്നില്ല എങ്കില്‍ അവര്‍ ഇപ്പോള്‍ തടവില്‍ കിടന്ന് നരകിക്കുമായിരുന്നു. ഇതില്‍ ആറെണ്ണം മാത്രമേ തെളിയിക്കുവാന്‍ എന്‍ഐഎക്ക് കഴിഞ്ഞുള്ളു എന്നത് ഈ കേസുകളുടെ ലക്ഷ്യത്തെ വ്യക്തമാക്കുന്നുണ്ട്. കുറ്റമാരോപിക്കുക, മരിക്കുന്നതുവരെയോ ശബ്ദിക്കാന്‍ കഴിയാതാകുന്നതുവരെയോ തടവിലിടുക, അതിലൂടെ സാവകാശം മനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളെയും പോരാട്ടക്കാരെയും ഇല്ലാതാക്കുക. സത്യത്തില്‍ ആരാണ് ദേശവിരുദ്ധര്‍ എന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോടുള്ള സമീപനത്തില്‍ തെളിയിക്കപ്പെട്ട ചരിത്രസാക്ഷ്യമാണ്.

സ്റ്റാന്‍ സ്വാമി ബംഗളുരുവിലുള്ള കാലത്താണ് അവരുടെ സ്ഥാപനത്തിന്റെ തൊട്ടയല്‍പക്കത്തുള്ള സെമിനാരിയില്‍ ഞാന്‍ ആറ് വര്‍ഷം (1977-1984) പഠിച്ചത്. ഇക്കാലത്ത് പലവട്ടം ഞാന്‍ അവരുടെ സ്ഥാപനം സന്ദര്‍ശിക്കുകയും സെമിനാറുകളില്‍ പങ്കെടുക്കുകയും, പ്രസിദ്ധീകരണങ്ങള്‍ വായിക്കുകയും പ്രവര്‍ത്തകരുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍പ്പോലും ഇവര്‍ ഒരു വിധ്വംസക സംഘമാണെന്നെനിക്ക് ബോധ്യപ്പെട്ടിട്ടില്ല. സ്റ്റാന്‍ സ്വാമിയെയും അതുപോലെ പീഡിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെയും തടവിലാക്കുന്നതിന്റെ ലക്ഷ്യം ഒന്നുമാത്രം എന്നാണെന്റെ വിലയിരുത്തല്‍. ആദിവാസി, ഗോത്രവര്‍ഗം, ദളിതര്‍, തൊട്ടും തീണ്ടിയും കൂടാത്തവര്‍, ഇവരൊന്നും ഇല്ലാത്ത സവര്‍ണഹിന്ദുത്വ രാജ്യം സ്ഥാപിക്കുമ്പോള്‍ ഈ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി വാദിക്കുന്നവരും ഇല്ലാതാകണം. ഇതുകൊണ്ടാണ് ഒരുകാലത്ത് നരേന്ദ്രമോഡിയുടെ ആരാധികയായിരുന്നിട്ട് പിന്നീട് കടുത്ത വിമര്‍ശകയായിത്തീര്‍ന്ന തല്‍വീന്‍ സിങ് എന്ന പ്രമുഖ മാധ്യമപ്രവര്‍ത്തക തന്റെ ”മിശിഹാ മോഡി: ഏ റ്റെയില്‍ ഓഫ് ഗെയ്റ്റ് എക്‌സ്റ്റേഷന്‍സ്’ എന്ന ഗ്രന്ഥത്തില്‍ മോഡിയുടെ ജനാധിപത്യ ധ്വംസനങ്ങളെ വിവരിച്ചശേഷം പറയുന്നത് ‘

എന്റെ ഗ്രന്ഥത്തിന്റെ അവസാന അധ്യായം എഴുതുമ്പോള്‍ ഞാന്‍ അതിശയിക്കുന്നത് ഏതൊരു തുറന്നതും സംവാദാത്മകവുമായ ജനാധിപത്യത്തെക്കുറിച്ചാണോ ഇന്ത്യ അഭിമാനിച്ചിരുന്നത് ആ സ്വതന്ത്രവും സഹിഷ്ണുതാപരവുമായ കാലത്തുനിന്നും ഇനിയും തിരിച്ചുവരാന്‍ പറ്റാത്തവിധം ഇടുങ്ങിയതും സ്വാതന്ത്ര്യരഹിതവുമായ ജനാധിപത്യത്തിലേക്ക് വഴുതിപ്പോകുന്നോ എന്നാണ്. അതുകൊണ്ട് നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏകകാര്യം പ്രതീക്ഷയ്‌ക്കെതിരെ പ്രതീക്ഷിക്കുക, ലോകത്തിലെ ഏറ്റവും ശബ്ദപൂരിതവും സങ്കീര്‍ണവും വൈവിധ്യമാര്‍ന്നതുമായ ഇന്ത്യയുടെ സദ്ഗുണങ്ങളെ മോഡി നശിപ്പിക്കുന്ന പരിവര്‍ത്തന്‍ ഉണ്ടാക്കില്ല എന്ന്” (പേജ് 275-6). ഇല്ല, ഞാന്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. നമുക്ക് തുടര്‍ന്നും ശുഭപ്രതീക്ഷയോടെ ശബ്ദിക്കാം, നെല്‍സണ്‍ മണ്ടേലയെപ്പോലെ ”നാം ഇതിനെ അതിജീവിക്കും” എന്ന്. ഇതൊരു ബഹുസ്വരതാസംസ്‌കാരമുള്ള രാജ്യമാണ്. അതുകൊണ്ട് നാം ഇതിനെ അതിജീവിക്കും, 1999 ല്‍ ഭാരതം തിളങ്ങുന്നു എന്ന് പറഞ്ഞവരെ അതിജീവിച്ചതുപോലെ. എന്നാല്‍ ഇപ്പോള്‍ നമുക്ക് പറയാം: ”സ്റ്റാന്‍ സ്വാമിയുടേത് അറും കൊലയായിരുന്നു, അതുകൊണ്ടുതന്നെ അത് ശബ്ദരഹിതര്‍ക്കുവേണ്ടിയുള്ള രക്തസാക്ഷിത്വവും ആയിരുന്നു” എന്ന്. ഇല്ല, സ്റ്റാന്‍ സ്വാമി മരിച്ചിട്ടില്ല. നാം അദ്ദേഹത്തിന്റെ നിലപാടുകള്‍ തുടരുന്നിടത്തോളം അദ്ദേഹത്തിന് മരണമില്ല.

 

Read Previous

‘അല്ലിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്നറിയാം, ഇത്തവണത്തേക്ക് ക്ഷമിക്കൂ”; സുപ്രിയയോട് പൃഥ്വിരാജ്

Read Next

മന്ത്രിസഭയിൽ നിന്നും ഒഴിവാക്കി: ബിജെപി നേതാവ് പാർട്ടിവിട്ടു; എംപി സ്ഥാനവും രാജിവച്ചു