ലൈസന്‍സ് ലഭിക്കാന്‍ ഡ്രൈവിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും; കരട് വിജ്ഞാപനം പുറത്തിറങ്ങി

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ അംഗീകൃത ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന തീരുമാനത്തിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി. ഇനി മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ ആര്‍.ടി. ഓഫീസില്‍ നല്‍കേണ്ട രേഖകളില്‍ ഡ്രൈവിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും.

ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകളും അവിടത്തെ പഠനവും എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പുതിയ തീരുമാനത്തിനെതിരെ പരാതികളും നിര്‍ദേശങ്ങളും നല്‍കാന്‍ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങള്‍ക്ക് 38 മണിക്കൂറുമാണ് ക്ലാസ് നിശ്ചയിച്ചിരിക്കുന്നത്. തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിങ് തിയറി, ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷന്‍, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസില്‍ പൊതുവായുള്ളത്.

12-ാം ക്ലാസ് ജയിച്ച, അഞ്ചുവര്‍ഷം ഡ്രൈവിങ് പരിചയമുള്ളവര്‍ക്ക് ട്രെയിനിങ് സെന്റര്‍ തുടങ്ങാന്‍ അനുമതി നല്‍കാനാണ് തീരുമാനം. തുടങ്ങുന്ന ആളിനോ ജീവനക്കാരനോ മോട്ടോര്‍ മെക്കാനിക്‌സില്‍ കഴിവ് തെളിയിച്ച സര്‍ട്ടിഫിക്കറ്റ് വേണം. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ട്രെയിനിങ് സെന്ററിന് സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിര്‍ബന്ധമാണ്. രണ്ട് ക്ലാസ് മുറി വേണം. കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റന്‍ഡന്‍സ് എന്നിവ വേണം. കയറ്റിറക്കം അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിങ് ട്രാക്ക് ഉണ്ടാവണം. വര്‍ക് ഷോപ്പ് നിര്‍ബന്ധമാണ്. സെന്ററിന്റെ അനുമതി അഞ്ചുകൊല്ലം കൂടുമ്പോള്‍ പുതുക്കുകയും വേണം.

Read Previous

‘നിങ്ങളുടെ കാര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറയരുത്, ഇവയെല്ലാം ഞങ്ങളുടെ കൂടി പ്രശ്‌നങ്ങളാണ്’, കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മീന ഹാരിസ്

Read Next

കത്വ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ കൂടെ നിന്നത് യൂത്ത് ലീഗ്; കുപ്രചരണങ്ങള്‍ പൊളിഞ്ഞു

Leave a Reply