
കര്‍ണാടകയിലെ ഹൊസദുര്‍ഗയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്ന സംഘപരിവാര്‍ വാദം തെറ്റെന്ന് ഔദ്യോഗിക സര്‍വേയുടെ കണ്ടെത്തല്‍.
ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി മതം മാറ്റം നടത്തുകയാണെന്ന ഹൊസദുര്‍ഗ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
തഹസില്‍ദാര്‍ നടത്തിയ ഔദ്യോഗിക സര്‍വേയില്‍ ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗ താലൂക്കിലെ രണ്ട് ഗ്രാമങ്ങളിലെ 46 കുടുംബങ്ങള്‍ സ്വമേധയായി ക്രിസ്തുമതം സ്വീകരിച്ചതായും ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും കണ്ടെത്തി
ക്രിസ്തുമതത്തിലേക്ക് മാറാന്‍ തങ്ങളെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്ന് കുടുംബങ്ങള്‍ പറഞ്ഞു.ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി മതം മാറ്റം നടത്തുകയാണെന്നും 18000 മുതല്‍ 20000 ഹിന്ദുക്കളെ വരെ ക്രിസ്ത്യാനികളാക്കിയെന്നും ശേഖര്‍ ആരോപിച്ചിരുന്നു. തന്റെ അമ്മയെ വരെ മതം മാറ്റിയെന്നും ഇയാള്പറഞ്ഞിരുന്നു.
അമ്മ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ വിസമ്മതിക്കുകയാണെന്നും അമ്മയുടെ മൊബൈല്‍ റിങ്ടോണ്‍ വരെ ക്രിസ്ത്യന്‍ പ്രാര്‍ഥന ഗീതമാക്കിയെന്നുമൊക്കെയായിരുന്നു ശേഖറിന്റെ ആരോപണം.