സ്‌കൂള്‍ ബസിനുള്ളില്‍ കുട്ടി മരിച്ച സംഭവം; ഖത്തറിലെ സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്, മിന്‍സയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഖത്തറില്‍ മലയാളി വിദ്യാര്‍ഥി സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ഖത്തര്‍ സര്‍ക്കാരിന്റെ ഉത്തരവ്. അല്‍ബക്കറയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡന്‍ ആണ് ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് അടപ്പിച്ചത്.

കോട്ടയം ചിങ്കവനം സ്വദേശി മിന്‍സ മറിയമാണ് സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മരിച്ചത്. മിന്‍സയുടെ നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു ദാരുണമായ സംഭവം. മിന്‍സയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക.

രാവിലെ സ്‌കൂളിലേക്ക് വന്ന മിന്‍സ ബസിനുള്ളില്‍ ഇരുന്ന് ഉറങ്ങിപ്പോയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോയി. ബസിനുള്ളില്‍ കുടുങ്ങിപ്പോയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചെന്നാണ് നിഗമനം.

വിശദമായ ഫോറന്‍സിക് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് മിന്‍സയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഖത്തറിലെ ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ മിന്‍സയുടെ മരണത്തില്‍ സംയുക്ത അന്വേഷണം നടത്തുന്നുണ്ട്.

 

Read Previous

അഞ്ചു ദിവസം വ്യാപകമഴയ്ക്ക് സാധ്യത; ജലനിരപ്പ് ഉയര്‍ന്നു, 9 ഡാമുകളില്‍ റെഡ് അലര്‍ട്ട്; മലമ്പുഴ വീണ്ടും തുറന്നു

Read Next

രാഹുല്‍ ഗാന്ധി ശിവഗിരിയിലെത്തി; സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി