അഞ്ചു ദിവസം വ്യാപകമഴയ്ക്ക് സാധ്യത; ജലനിരപ്പ് ഉയര്‍ന്നു, 9 ഡാമുകളില്‍ റെഡ് അലര്‍ട്ട്; മലമ്പുഴ വീണ്ടും തുറന്നു

വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ട് തുറന്നു. ഡാമിന്റെ നാല് ഷട്ടറുകളും പത്ത് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. സെക്കന്‍ഡില്‍ തൊള്ളായിരത്തി ഇരുപത്തി ആറ് ഘന അടി വെള്ളമാണ് നാല് ഷട്ടറുകളിലൂടെയും പുറത്തേയ്ക്ക് ഒഴുക്കുന്നത്.

നിലവില്‍ 113.93 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. വെള്ളം തുറന്ന് ജലനിരപ്പ് ക്രമീകരിക്കുക ലക്ഷ്യമിട്ടാണ് നടപടി. നാല്‍പ്പത്തി അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടമലയാര്‍, കക്കി (ആനത്തോട്), ബാണാസുര സാഗര്‍, ഷോളയാര്‍, പൊന്മുടി, കണ്ടള. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

മാട്ടുപ്പെട്ടി, ആനയിറങ്ങല്‍, പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും കുറ്റ്യാടി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തമിഴ്നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ്ദപ്പാത്തിയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Read Previous

കൊച്ചി മെട്രോ എസ്എന്‍ ജങ്ഷന്‍ വരെ; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും

Read Next

സ്‌കൂള്‍ ബസിനുള്ളില്‍ കുട്ടി മരിച്ച സംഭവം; ഖത്തറിലെ സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്, മിന്‍സയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും