ക്രിസ്മസ് കേക്ക് വിപണി ഒരു വിഭാഗം കൈയടക്കി; അവരതില്‍ തുപ്പിയിടും; ക്രിസ്ത്യാനികള്‍ വാങ്ങരുത്’; വിദ്വേഷ പ്രചരണവുമായി തീവ്ര ക്രിസ്ത്യന്‍ സംഘടന

ക്രിസ്തുമസ് കേക്കുകള്‍ ഇതര മതസ്ഥാപനങ്ങളില്‍ നിന്ന് വാങ്ങരുതെന്ന വര്‍ഗീയ പ്രചരണവുമായി തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ.(ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) പരമ്പരാഗതമായി നമ്മള്‍ വിശ്വാസത്തോടും സന്തോഷത്തോടും കൂടി ഉണ്ടാക്കിയിരുന്ന ക്രിസ്മസ് കേക്കുകള്‍ ഇന്ന് വാണിജ്യ താല്പര്യത്തോടെ ഒരു വിഭാഗം കൈയടക്കിയിരിക്കുന്നതായും അവരെ അതിന് ഇനി അനുവദിക്കരുതെന്നുമാണ് കാസ ഫേസ്ബുക്കിലുടെ പ്രചരണമാരംഭിച്ചിട്ടുള്ളത്.

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയകളിലൂടെയാണ് ഇവരുടെ വിദ്വേഷ പ്രചരണം. ‘അവരുണ്ടാക്കുന്ന കേക്ക് അശുദ്ധമാണ്. അവരുടെ വിശ്വാസ പ്രകാരം നമ്മള്‍ വഴിപിഴച്ചവര്‍ ആണ്. നമ്മുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അവര്‍ പുച്ഛത്തോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും ശുദ്ധമായ രീതിയിലും ശുദ്ധമായ മനസോടുകൂടി ആയിരിക്കില്ല അവര്‍ കേക്ക് ഉണ്ടാക്കുക’യെന്നും കാസയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു.

പ്രത്യേകിച്ച് ഒട്ടുമിക്ക സ്ഥലങ്ങളിലും ബംഗാളികള്‍ എന്ന് നമ്മള്‍ വിളിക്കുന്ന ബംഗ്ലാദേശികള്‍ തന്നെയാണ് ബേക്കറി ഐറ്റംസ് ഉല്‍പാദന യൂണിറ്റുകളില്‍ ജോലി ചെയ്യുന്നത്. അവര്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ തുപ്പി ഇടുന്നതും കാലുകള്‍ കൊണ്ട് ചവിട്ടി വൃത്തികേടാക്കുന്നതും ഒക്കെ നമ്മള്‍ ധാരാളം കണ്ടിരിക്കുന്നു. ഒരു ക്രിസ്ത്യന്‍ ആഘോഷത്തിന്റെ ഭാഗമായുള്ള കേക്ക് ഇവര്‍ ഉണ്ടാക്കുമ്പോള്‍ ഏതു തരത്തിലായിരിക്കും ഇവരുടെ പെരുമാറ്റം എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഹോട്ടല്‍ മുതലാളി വഴക്കു പറഞ്ഞതിലെ ദേഷ്യം കാരണം ഹോട്ടലില്‍ ഉണ്ടാക്കിവച്ച സാമ്പാറില്‍ മൂത്രമൊഴിച്ച ബംഗാളികളെ കുറിച്ച് വരെ നമ്മള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്രിസ്മസ് കേക്കുകള്‍ ഇവര്‍ അശുദ്ധമാക്കാന്‍ സാധ്യത വളരെയേറെയാണ്. പരിപാവനമായ നമ്മുടെ ക്രിസ്മസ് ദിനത്തില്‍ എന്തിനു നമ്മള്‍ അശുദ്ധമായ ഒരു വസ്തു വാങ്ങണം.

ക്രിസ്മസ് കേക്ക് ശുദ്ധമായിരിക്കണം. അതിനെ അശുദ്ധമായവരില്‍ നിന്നും അശുദ്ധമാക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും അങ്ങിനെ ചെയ്യാന്‍ സാധ്യതയുള്ളവരില്‍ നിന്നും നമ്മുടെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരില്‍ നിന്നും അതിനെ പുശ്ചിക്കുന്നവരില്‍ നിന്നും വാങ്ങരുത്. എന്തുകൊണ്ട് പള്ളികള്‍ വഴിയും യുവജന കൂട്ടായ്മകള്‍ വഴിയും ക്രിസ്ത്യന്‍ സംഘടനകള്‍ വഴിയും ക്രിസ്മസ് കേക്കുകളുടെ ഉല്‍പ്പാദനവും വില്‍പനയും നടത്തിക്കൂടാ എന്നും അതിനു നമ്മള്‍ തയ്യാറാവണം എന്നും ഇവര്‍ പറയുന്നു.

മുസ്ലിങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷ -വ്യാജ പ്രചരണങ്ങള്‍ നടത്തി മതസ്പര്‍ധയ്ക്ക് ശ്രമിക്കുന്ന തീവ്ര ക്രിസ്ത്യന്‍ സംഘടനയാണ് കാസ. ഹലാല്‍ ഭക്ഷണരീതിക്കെതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണമാണ് ഇവര്‍ നടത്തുന്നത്.

Read Previous

ബി.ജെ.പിയെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധനാക്കി മുദ്രകുത്തും; ഏഴുവര്‍ഷമായി കേന്ദ്രം ഇതുതന്നെയാണ് ചെയ്യുന്നത് ;തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു

Read Next

കര്‍ഷക പ്രതിഷേധം; അക്ഷയകുമാറിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവച്ചു