
മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെയെ പ്രകീര്‍ത്തിക്കുന്ന ‘വൈ ഐ കില്‍ഡ് ഗാന്ധി’ (‘എന്തുകൊണ്ട്? ഞാന്‍ ഗാന്ധിയെ കൊന്നു?’) എന്ന ചിത്രം നിരോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഗോഡ്സെയെ നായകനാക്കി ചിത്രീകരിച്ച സിനിമ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനപ്രിയ ടെലിവിഷന്‍ നടനുമായ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എംപിയുമായ അമോല്‍ കോല്‍ഹെയാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഗോഡ്സെയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമയ്ക്കെതിരേ രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സിനിമാ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കത്തയച്ചു. ‘നിന്ദ്യവും മനുഷ്യത്വരഹിതവുമായ ഒരു പ്രവൃത്തിയെ മഹത്വവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിനെതിരാണ്. അതിനാല്‍, മഹാരാഷ്ട്രയിലെ തിയറ്ററുകളിലോ ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോമിലോ ആ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.