മതം നോക്കി പൗരത്വം അനുവദിക്കാനാകില്ല

ദേശാഭിമാനി എഡിറ്റോറിയല്‍

രാജ്യം നേരിടുന്ന അതിസങ്കീര്‍ണമായ പ്രതിസന്ധികളെ വിസ്മരിച്ച് തിരക്കിട്ട് പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുസ്ലിങ്ങളെ ഒഴിവാക്കി ഇതര മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനത്തിനെതിരെ 2019ല്‍ ആരംഭിച്ച പ്രക്ഷോഭം കോവിഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നാണ് പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നത്. ദേശീയ തലസ്ഥാനത്തെ ഷഹീന്‍ബാഗ് ഉള്‍പ്പെടെ രാജ്യത്തെമ്പാടും വമ്പിച്ച ജനകീയ പ്രക്ഷോഭമാണ് തുടര്‍ന്നുകൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയുടെ മറവില്‍ പൗരത്വ അജന്‍ഡ ഒളിച്ചുകടത്താനുള്ള ശ്രമമാണ് ആരംഭിച്ചിട്ടുള്ളത്. ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ 13 ജില്ലയില്‍ മുസ്ലിങ്ങള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത് രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയെയാണ് ദുര്‍ബലമാക്കുന്നത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന അഭയാര്‍ഥികളിലാണ് മതവിവേചനം അടിച്ചേല്‍പ്പിക്കുന്നത്.

ജന്മനാടുകളില്‍നിന്ന് തിരസ്‌കരിക്കപ്പെട്ട് അഭയംതേടി എത്തുന്നവരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ തുടങ്ങിയത് ബിജെപി സര്‍ക്കാരാണ്. 2016ല്‍ ലോക്സഭയില്‍ പൗരത്വനിയമ ഭേദഗതി അവതരിപ്പിച്ചപ്പോള്‍ത്തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. അന്നത്തെ സിപിഐ എം ഉപനേതാവ് മുഹമ്മദ് സലിം വിശദമായ വിയോജനക്കുറിപ്പും നല്‍കി. ഇതേതുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചെങ്കിലും തുടര്‍നടപടികള്‍ പ്രഹസനമാക്കി. അസം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും സമിതി തയ്യാറായില്ല. അസം സന്ദര്‍ശനംതന്നെ കുഴപ്പങ്ങള്‍ക്ക് തിരികൊളുത്തി. ഇതര സംസ്ഥാനങ്ങളിലും ബംഗാളി മുസ്ലിങ്ങള്‍ കടുത്ത പീഡനത്തിന് ഇരയായി. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായെങ്കിലും ബില്‍ 2019 ഫെബ്രുവരിയില്‍ ലോക്സഭ പാസാക്കി.

പൗരത്വത്തിന് മതം അടിസ്ഥാനമാക്കാനുള്ള നീക്കം മോഡി സര്‍ക്കാര്‍ ആദ്യം നടത്തിയത് അസം ഉള്‍പ്പെടെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു. ബംഗ്ലാദേശ് കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ഈ മേഖലയില്‍ ആരംഭിച്ചിട്ടും കാലമേറെയായി. 2018ല്‍ അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ 40 ലക്ഷം പേരാണ് പട്ടികയ്ക്ക് പുറത്തായത്. കടുത്ത പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍, പുറത്താവുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. പൗരത്വരേഖകള്‍ ഹാജരാക്കുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നായി. എന്നിട്ടും ലക്ഷക്കണക്കിനാളുകള്‍ പൗരത്വം ഇല്ലാത്തവരായി. പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്നവര്‍ക്ക് എന്ത് പൗരത്വരേഖ. ഇത്തരത്തില്‍ പരിഹാരമില്ലാതെ പ്രശ്നം തുടരുന്ന വേളയിലാണ് മോഡി സര്‍ക്കാര്‍ പൗരത്വനിയമ ഭേദഗതി പാസാക്കിയത്.

പൗരത്വനിയമത്തിനും പൗരത്വ രജിസ്ട്രിക്കുമെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്, എല്ലാ സംസ്ഥാനത്തിലും ഇത് നടപ്പാക്കുമെന്ന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ നിരവധി സംസ്ഥാന നിയമസഭകള്‍ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തത്. നിയമത്തിന്റെ ഭാവി കോടതിയുടെ പരിഗണനയില്‍ കിടക്കുമ്പോഴാണ് ചട്ടങ്ങള്‍ക്കുപോലും രൂപംനല്‍കാതെ 2019ലെ ഭേദഗതി നടപ്പാക്കുന്നത്. പരമോന്നത കോടതിയെയും നിയമവാഴ്ചയെയും വില വയ്ക്കാത്ത ഭരണമാണ് കേന്ദ്രത്തിലുള്ളത്. 2009ലെ ചട്ടങ്ങള്‍ പ്രകാരം പൗരത്വം നല്‍കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. എന്നാല്‍, മുസ്ലിം സമുദായത്തെ പൗരത്വ അപേക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന് ഈ ചട്ടങ്ങളില്‍ എവിടെയും പറയുന്നില്ല. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിന്‍, ക്രൈസ്തവ വിഭാഗത്തിലുള്ളവരുടെ അപേക്ഷ ഓണ്‍ലൈനിലാണ് നല്‍കേണ്ടത്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കി ധ്രുവീകരണവും ഭിന്നതയും വളര്‍ത്താനുള്ള കേന്ദ്രശ്രമം ബോധപൂര്‍വമാണ്. മതരാഷ്ട്രവാദത്തിലേക്കുള്ള ചുവടുവയ്പ്പും.

സിഎഎയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കാനിരിക്കെ തിരക്കിട്ട് നടപ്പാക്കുന്നതിലെ ചതി സുപ്രീംകോടതി തിരിച്ചറിയുമെന്ന പ്രതീക്ഷയാണ് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകടിപ്പിച്ചത്. കോവിഡ് മഹാമാരിയിലും സാമ്പത്തിക പ്രതിസന്ധിയിലും രാജ്യം വിറങ്ങലിച്ചുനില്‍ക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകള്‍ വരുത്തിയ വീഴ്ച സജീവ ചര്‍ച്ചയാണ്. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സിഎഎ തിരക്കിട്ട് നടപ്പാക്കുന്നത്. യുപിയിലെ ബാരാബങ്കി മുസ്ലിം പള്ളി തകര്‍ക്കല്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ എന്നിവയും ഇതേ ലക്ഷ്യത്തോടെയുള്ള നടപടികളാണ്.

പൗരത്വനിയമ ഭേദഗതിയുടെ ഭാവിതന്നെ സുപ്രീംകോടതിയുടെ മുന്നിലിരിക്കെ സ്വേച്ഛാപരമായ ഇത്തരം നടപടികളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം. അര്‍ഹരായ മുഴുവന്‍ അഭയാര്‍ഥികള്‍ക്കും മതവിവേചനമില്ലാതെ പൗരത്വം നല്‍കാനുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്. പൗരത്വ രജിസ്ട്രി ഉണ്ടാക്കി ചില മതവിഭാഗങ്ങളില്‍പ്പെട്ടവരെ രണ്ടാം തരക്കാരാക്കാനും തടങ്കല്‍പ്പാളയങ്ങളില്‍ അടയ്ക്കാനുമുള്ള നീക്കം ചെറുക്കുമെന്ന് ശക്തിയുക്തം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിനു ലഭിച്ച അംഗീകാരം കൂടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജനവിധി. എന്നാല്‍, കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വീണ്ടും പൗരത്വ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അതിശക്തമായ പ്രതിരോധമാണ് അനിവാര്യമാകുന്നത്. ഈ വിഷയത്തിലും മതനിരപേക്ഷ ഇന്ത്യ ഉറ്റുനോക്കുന്നത് കേരളത്തെയാണ്.

കടപ്പാട് ദേശാഭിമാനി

Read Previous

ബംഗാളിലെ മുസ്ലീങ്ങളുടെ അവസ്ഥ കേരള മുസ്ലീങ്ങള്‍ക്കും വരുമോ ?

Read Next

മഹാമാരിക്കാലത്തും കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ള; മെയ്മാസത്തില്‍ വിലവര്‍ധിപ്പിച്ച് 17 തവണ