ബജറ്റില്‍ വനിത സംരംഭകത്വ വികസനത്തിന് മുന്‍തൂക്കം; കുടുംബശ്രീയ്ക്കും കരുതല്‍

2021-22 ലെ സംസ്ഥാന ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങളില്‍ തൊഴില്‍ സൃഷ്ടിയ്ക്കലാണ്. കേരളത്തിലെ സ്ത്രീകളെ പ്രധാന ഗുണഭോക്താക്കളാക്കുന്ന രീതിയിലാണ് ഇതിന്റെ കര്‍മ പദ്ധതി വിഭാവനം ചെയ്തിരിയ്ക്കുന്നത്. വനിതാ സംരംഭകത്വ വികസനത്തിനും ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. 3 കെഎസ്‌ഐഡിസി കിന്‍ഫ്ര പാര്‍ക്കുകളിലും വനിതകള്‍ക്കായി ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിയ്ക്കും. കെഎസ്‌ഐഡിസി പ്രത്യേക വുമന്‍ എന്‍ട്രപ്രണര്‍ മിഷന്‍ സ്ഥാപിയ്ക്കും

സ്ത്രീകളുടെ ഉത്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണനം ലക്ഷ്യമിട്ട് പ്രത്യേക ട്രേഡ് സെന്റര്‍ തന്നെ സ്ഥാപിയ്ക്കും എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. വീടുകളില്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിനായി സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ചിട്ടിയാണ് രൂപീകരിയ്ക്കുന്നത്. യന്ത്രസാമഗ്രികളുടെ പാക്കേജ് വില തവണകളായി ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. പലിശ സബ്‌സിഡി ലഭിയ്ക്കും. പദ്ധതിയുടെ മൂന്നില്‍ ഒന്നു പലിശ മാത്രം ഗുണഭോക്താക്കള്‍ അടച്ചാല്‍ മതിയാകും. ബാക്കി സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ടതില്ല.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായി സംസ്ഥാനത്ത് പ്രത്യേക ക്യാമ്പെയിന്‍ ആരംഭിയ്ക്കും. ഇതിനായി കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങളിലെ വനിതകളുടെ സഹായം തേടും. ഈ ക്യാമ്പെയ്ന്‍ ശക്തമാക്കാന്‍ വേണ്ടി മാത്രം കുടുംബശ്രീ പദ്ധതിയ്ക്ക് 20 കോടി രൂപയാണ് അധികമായി അനുവദിച്ചിരിയ്ക്കുന്നത്.

യുവതികള്‍ക്കായി പുതിയ ഓക്‌സിലറി യൂണിറ്റുകള്‍ സ്ഥാപിയ്ക്കും. അങ്കണവാടി ടീച്ചര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 രൂപയായും,ഹെല്‍പ്പര്‍മാരുടെ പെന്‍ഷന്‍ 1500 രൂപയായും ഉയര്‍ത്തും. ഇവരുടെ പ്രതിമാസ അലവന്‍സും ഉയര്‍ത്തിയിട്ടുണ്ട്.

Read Previous

രാമക്ഷേത്ര നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി

Read Next

സ്റ്റാര്‍ട്ട് അപ്പ് പ്രോത്സാഹനത്തിന് ആറിന പരിപാടികള്‍

Leave a Reply