സംസ്ഥാനസര്‍ക്കാര്‍ അദാലത്തിനിടെ കൈക്കൂലി വാങ്ങവേ അറസ്റ്റിലായ വില്ലേജ് ഉദ്യോഗസ്ഥന്റെ വാടകമുറിയില്‍ നടത്തിയ റെയ്ഡില്‍ 17 കിലോ നാണയങ്ങളുള്‍പ്പെടെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. 35 ലക്ഷം രൂപ പണമായും 71 ലക്ഷം രൂപയുടെ വിവിധ നിക്ഷേപങ്ങള്‍ നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തു.
സംസ്ഥാന വിജിലന്‍സ് റെയ്ഡുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃതസമ്പാദ്യമാണ് ഇതെന്നാണ് കരുതുന്നത്. പിടിച്ചെടുത്ത പണം നോട്ടെണ്ണുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് രാത്രി വൈകി എണ്ണിത്തിട്ടപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ മണ്ണാര്‍ക്കാട്ട് നടന്ന സംസ്ഥാനസര്‍ക്കാരിന്റെ പരാതിപരിഹാര അദാലത്തിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാര്‍ പിടിയിലാവുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി ഇവിടെയാണ് ജോലി ചെയ്യുന്നത്.
കൈക്കൂലി പണവുമായി പിടിയിലായ സുരേഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസസ്ഥലത്തുനിന്നും അനധികൃതസമ്പാദ്യമെന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്. മണ്ണാര്‍ക്കാട് നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്‌സിലെ വാടകമുറിയില്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചത്. മുറിയില്‍നിന്ന് 35 ലക്ഷം രൂപയുടെ കറന്‍സിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രശീതിയും കണ്ടെത്തി.
25 ലക്ഷം രൂപയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. റെയ്ഡില്‍ പണവും നിക്ഷേപവുമടക്കം ആകെ 1.06 കോടി രൂപ കണ്ടെത്തിയെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി. ഷംസുദ്ദീന്‍ പറഞ്ഞു. വൈകീട്ട് ആരംഭിച്ച റെയ്ഡ് രാത്രി 8.30-നാണ് അവസാനിച്ചത്. തൊട്ടടുത്ത വ്യാപാരസ്ഥാപനത്തില്‍നിന്നെടുത്ത നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
ഇയാളുടെ തിരുവനന്തപുരം ചിറയിന്‍കീഴിലുള്ള വീട്ടിലും വിജിലന്‍സ് റെയ്ഡ് നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത പണം സംബന്ധിച്ച് അടുത്തദിവസങ്ങളില്‍ വിശദമായ പരിശോധന നടത്തും.

